ഫാര്‍മേഴ്സ് റിലീഫ് ഫോറം സ്ഥാപകന്‍ എ.സി വര്‍ക്കി അന്തരിച്ചു..പൊലിഞ്ഞുപോയത് കര്‍ഷകരുടെ അവകാശ പോരാട്ടത്തിന്റെ നായകന്‍

കോഴിക്കോട്: ഫാര്‍മേഴ്സ് റിലീഫ് ഫോറം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.സി വര്‍ക്കി അന്തരിച്ചു. എഴുപത് വയസായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്ഥാനത്ത നിരവധി കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കര്‍ഷക നേതാവായിരുന്നു അദ്ദേഹം.

ബാങ്കുകളുടെ ജപ്തി നടപടികള്‍ക്കെതിരെയും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും നീര ഉല്‍പാദന അവകാശത്തിനായും ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളാണ് വര്‍ക്കിയെ ശ്രദ്ധേയനാക്കിയത്. 1991ല്‍ സ്ഥാപിച്ച ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്‍െറ സജീവ പ്രവര്‍ത്തനത്തിനിടെ രോഗബാധിതനായതോടെ രണ്ടു വര്‍ഷം മുമ്പ് സംസ്ഥാന ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ഷികമേഖലയുടെ കുത്തകവത്കരണത്തിനും കര്‍ഷകരെ അവഗണിക്കുന്ന ഭരണകൂട നയനിലപാടുകള്‍ക്കെതിരെയും സജീവമായ പോരാട്ടങ്ങള്‍ക്കാണ് അദ്ദേഹം നായകത്വം വഹിച്ചത്. 1994ല്‍ ആവിഷ്കരിച്ച പ്രാദേശിക വായ്പാനിധി (ലോക്കല്‍ ലോണ്‍ ഫണ്ട്) കര്‍ഷകരെ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിലേക്ക് കൂട്ടത്തോടെ ആകര്‍ഷിച്ചു. 1999 ഡിസംബറില്‍ നീര ഉല്‍പാദന അവകാശത്തിനായുള്ള സമരത്തിനു നേതൃത്വം നല്‍കിയ വര്‍ക്കി അബ്കാരി നിയമലംഘനത്തിനു 28 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു. ജപ്തി പ്രതിരോധ പ്രക്ഷോഭത്തിന്‍െറ ഭാഗമായി എഫ്.ആര്‍.എഫ് വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ആഴ്ചകള്‍ നീണ്ട സമരത്തിന് നേതൃത്വം നല്‍കി.നീര ചെത്താനുള്ള അവകാശത്തിന് വേണ്ടിയും മലയോര മേഖലയിലെ ജപ്‌തി വിരുദ്ധ സമരത്തിന്റെയും മുന്നണി പോരാളി ആയിരുന്നു എ.സി വര്‍ക്കി.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വര്‍ക്കി 34,000ത്തോളം വോട്ടുകള്‍ നേടി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നടവയല്‍ ഹോളി ക്രോസ് ഫെറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ: ഗ്രേസി. മക്കള്‍: ജെയ്സണ്‍, അജയ്, റോസ്ലിന്‍. മരുമകള്‍: ജിന്‍സി.

 

 

Top