അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചു; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബെംഗളൂരു: അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് ബെംഗളൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. നഗരത്തിനടത്തുള്ള നെലമംഗലയ്ക്കു സമീപം ബുധിഹാലിലാണ് അപകടം നടന്നത്. ശനിയാഴ്ച അര്‍ധരാത്രി 12.15നു ബെംഗളൂരു തുമകൂരു ഹേവേയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചശേഷം എതിര്‍ദിശയിലുള്ള ട്രക്കിലിടിച്ച് മറിയുകയായിരുന്നു.

തുമകൂരു സിദ്ധാര്‍ഥ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയും കോഴിക്കോട് ഉണ്ണികുളം എസ്‌റ്റേറ്റ്മുക്ക് മുപ്പറ്റച്ചാലില്‍ മുഹമ്മദിന്റെ മകനുമായ മുഹമ്മദ് ആഷിഖ് (21), രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കടുത്തുരുത്തി കാരിക്കോട് കയ്യൂരിക്കല്‍ ജോയിയുടെ മകളുമായ ലിനു മരിയ ജോയി (21) എന്നിവരാണു മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോളേജ് ഹോസ്റ്റിലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ബംഗളൂരു നഗരത്തില്‍ വന്ന് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ആഷിഖ് ആണു കാര്‍ ഓടിച്ചിരുന്നത്. നെലമംഗല റൂറല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും നാട്ടിലേക്കു കൊണ്ടുപോയി. മുഹമ്മദ് ആഷിഖിന്റെ മാതാവ് ബുഷ്‌റയാണ്. സഹോദരങ്ങള്‍: അഷ്‌കര്‍, റുക്‌സാന. കബറടക്കം ഇന്ന് എസ്‌റ്റേറ്റ്മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദില്‍. ലിനുവിന്റെ അമ്മ ലീലാമ്മ. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ ലിനു മരിയ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായാണ് ബെംഗളൂരുവില്‍ എത്തിയത്. സഹോദരി: ലിറ്റി. സംസ്‌കാരം ഇന്നു മൂന്നിന് കാരിക്കോട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

Top