
ചാത്തന്നൂര്‍: ജില്ലയില്‍ വാഹനാപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്. ദേശീയ ഗതാഗത -ആസൂത്രണ ഗവേഷണ കേന്ദ്രം കേരളാ റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹായത്തോടെ ചാത്തന്നൂര്‍ ഗവ. വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ത്രിദിന റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനപരമായി റോഡ് സുരക്ഷയിലുള്ള അറിവില്ലായ്മയും അവജ്ഞയുമാണ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നത്. ബോധവത്കരണത്തിലൂടെ അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ സെല്‍ രൂപവത്കരിക്കുന്നതിനാവശ്യമായ പഠനോപകരണങ്ങളും റോഡ് ക്രോസിങ് വാര്‍ഡന്‍മാര്‍ക്കുള്ള യൂനിഫോം അദ്ദേഹം വിതരണം ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സുരേഷ് അധ്യക്ഷത വഹിച്ചു. ചാത്തന്നൂര്‍ എ.സി.പി ശിവപ്രസാദ്, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി റെക്സ് ബോബി അര്‍വിന്‍, ബ്ളോക് പഞ്ചായത്ത് അംഗം എ.ആര്‍. ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി. ശ്രീദേവി, ഡോ. ജി. രവികുമാര്‍, ടി.വി. സതീഷ് എന്നിവര്‍ ക്ളാസെടുത്തു.