
കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് ലൈംഗിക ചുവയോടെ യുവതിയോട് ഫോണില്‍ സംസാരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഇതു പുറത്തുവിട്ടത്. ആരാണ് കേസ് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശശീന്ദ്രനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഏതു രീതിയിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കുന്നതിനായിരുന്നു ചര്‍ച്ച.
എ.കെ. ശശീന്ദ്രനെതിരെ സ്ത്രീയുടെ രേഖാമൂലം പരാതിയില്ലാതെ അന്വേഷണത്തിനു സാധിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. തന്നെ കുടുക്കിയതായി ശശീന്ദ്രന് പരാതി നല്കിയാലും അന്വേഷിക്കും. അല്ലെങ്കില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ചയാണ് എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്തുവന്നത്. കണ്ണൂര്‍ സ്വദേശിയായ വിധവയോടുള്ള സംഭാഷണമെന്നാണു ചാനല്‍ അറിയിച്ചത്. സംഭാഷണത്തിലുടെനീളം പുരുഷശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ശശീന്ദ്രന് രാജിവച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.