കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പും ഡിജിറ്റല്‍ പണമിടപാട് സേവനദാതാവായ ഏസ്മണിയുടെ മാതൃസ്ഥാപനവുമായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് 2021-ലെ ഗോ ഗ്ലോബല്‍ അവാര്‍ഡിന് അര്‍ഹമായി. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ട്രേഡ് കൗണ്‍സിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫിന്‍ടെക് വിഭാഗത്തിലെ ടോപ്പ് പ്ലേസര്‍ എന്ന ബഹുമതിയാണ് ഏസ്‌വെയര്‍ കരസ്ഥമാക്കിയത്. 178 രാജ്യങ്ങളില്‍ നിന്നായി 6416 എന്‍ട്രികളില്‍ നിന്നാണ് കമ്പനിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. നൂതനാശയങ്ങള്‍, സാങ്കേതികവിദ്യ, ബിസിനസ് തന്ത്രങ്ങള്‍ തുടങ്ങിയവയിലൂടെ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കുന്ന കമ്പനികളെയാണ് ഈ അവാര്‍ഡിനായി പരിഗണിക്കുന്നത്.
സര്‍ക്കാര്‍ വ്യവസായ ഏജന്‍സികള്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ്, എക്‌സ്‌പോര്‍ട്ട് കൗണ്‍സില്‍, ബിസിനസ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന രാജ്യാന്തര തലത്തില്‍ പ്രശസ്തമായ സന്നദ്ധ സംഘടനയാണ് ഇന്റര്‍നാഷണല്‍ ട്രേഡ് കൗണ്‍സില്‍.