എണ്‍പത്- തൊണ്ണൂറ് കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് കനക. സൂപ്പര്‍നായകന്മാരുടെ പ്രിയനായികയായിരുന്നു നടി. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് ദു:ഖങ്ങള്‍ കനകയെ തേടിയെത്തിയിരുന്നു. അച്ഛന്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും തന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചെന്നും കനക വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു അത്.
2002ലാണ് കനകയുടെ അമ്മ നടി ദേവിക മരിച്ചത്. കനകയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. ഇതിന് ശേഷമുണ്ടായ ഒരു കേസിന്റെ വിചാരണയ്ക്കിടയിലാണ് താന്‍ അച്ഛനെ ആദ്യമായി കാണുന്നതെന്നും പിന്നീട് ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കനക പറഞ്ഞിരുന്നു.
വിജിപി ഗോള്‍ഡന്‍ ബീച്ചിന് സമീപമുള്ള നാല് ഏക്കര്‍ ഭൂമിയുള്‍പ്പെടെ നഗരത്തില്‍ തന്റെ പേരില്‍ വിവിധയിടങ്ങളിലായി കോടികളുടെ സ്വത്തുണ്ട്. അമ്മ മരിക്കുന്ന സമയത്ത് തന്റെ പേരില്‍ വില്‍പ്പത്രം എഴുതിവച്ചിട്ടുണ്ട്. അത് തട്ടിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്ന് കനക വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അച്ഛനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കനക.
കനകയുടെ വാക്കുകള്‍:
മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്ന് അദ്ദേഹം പ്രചരിപ്പിച്ചു. അതൊന്നും എനിക്ക് പുതിയ കാര്യമല്ല. കാരണം എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചയാളാണ്. സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കണമെങ്കില്‍ പിന്നെ മകളായ എന്നെക്കുറിച്ച് മോശമായി പറയുന്നതില്‍ പുതുമയൊന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ വിസമ്മതിച്ചത്.
എനിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹം രക്ഷാകര്‍തൃത്വത്തിനായി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തന്റെ ഭാര്യയ്ക്ക് മകളെ സംരക്ഷിക്കാന്‍ അറിയില്ലെന്നും മകളെ തനിക്ക് വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കരകാട്ടക്കാരന്‍ എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയി. വിവാഹകാര്യം വരുമ്പോള്‍ മാത്രമാണ് പത്തൊമ്പത് വയസ്സ് നോക്കേണ്ടത്, ജോലി തെരഞ്ഞെടുക്കുന്നത് പതിനഞ്ച് വയസിലാകാം എന്ന് കോടതി അറിയിച്ചു.