കൊച്ചി: ഭോപ്പാലില്‍ തന്നെ തടഞ്ഞത് ആര്‍എസ്എസിന്റെ സംസ്‌കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപാലില്‍ ദൃശ്യമായത്. അവിടെ പ്രകടമായത് ആര്‍എസ്എസിന്റെ സംസ്‌കാരമാണ്. ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാന്‍ പാടില്ല.
കേരളത്തില്‍ ഒരു ബിജെപി നേതാവിനെ പോലും തടഞ്ഞിട്ടില്ല. സംഘര്‍ഷം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ശ്രീ രാജ്നാഥ് സിങ്ങ് തലശ്ശേരിയില്‍ വന്നത്. ഒരു തരത്തിലുള്ള തടസ്സവും ആരും സൃഷ്ടിച്ചിട്ടില്ല. പൊലീസ് പൂര്‍ണ സംരക്ഷണമാണ് നല്‍കിയത്. രാജ്യത്താകെയുള്ള പ്രധാന ബിജെപി നേതാക്കള്‍ കോഴിക്കോട്ട് സമ്മേളിച്ചപ്പോഴും ഒരു ദുരനുഭവവും അവര്‍ക്ക് ഉണ്ടായിട്ടില്ല. അതാണ് ഭോപാലിലെ അനുഭവവുമായുള്ള വ്യത്യാസം. അത് സംഘ പരിവാര്‍ സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധം സംഘടിപ്പിച്ചത് ആര്‍എസ്എസ് ആയതിനാല്‍ സര്‍ക്കാരിനും പൊലീസിനും നടപടി സ്വീകരിക്കാന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്നിട്ടും തലശ്ശേരി അടക്കമുള്ള പാര്‍ട്ടീ ഗ്രാമങ്ങളും ബിജെപി നേതാക്കളെ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതാക്കള്‍ എത്തിയിരുന്നിട്ടും അതിനെ തടയുന്നതിനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ സമ്മേളനവും ഇവിടെ നടത്തുന്നതിനും ആരും അനുവതിക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഭോപ്പാല്‍ യാത്ര നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്. അവിടത്തെ പൊലീസിനെയും വിവിരമറിയിച്ചിരുന്നു. എന്നിട്ടും വഴിമധ്യേ വാഹനം തടയുകയാണ് പൊലീസ് ചെയ്തത്. തടഞ്ഞത് സംഘപരിവാര്‍ ആയതുകൊണ്ടാണ് മധ്യപ്രദേശ് പൊലീസ് നടപടി എടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിലും പങ്കെടുക്കുന്നതിനാണ് അദ്ദേഹം ഭോപ്പാലില്‍ എത്തിയത് പാതിവഴിയില്‍ വച്ച് പൈലറ്റ് പോയ വാഹനം നിര്‍ത്തി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. എസ് പിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മുഖ്യമന്ത്രി തിരിച്ചുവന്നത്.