പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. വണ്ടി തടഞ്ഞ് നിര്‍ത്തി യുവതികളെ വണ്ടികളില്‍ നിന്നും ബലമായി വലിച്ചിറക്കുകയാണ് സമര പ്രവര്‍ത്തകര്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തരം ക്രിമിനല്‍ നടപടികളെ ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി
നിലയ്ക്കലില്‍ വാഹനം തടയുന്നത് ആദിവാസി ശാക്തീകരണത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനക്കെതിരെ ആദിവാസി ദലിത് സമുദായ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. തെറ്റിധരിപ്പിച്ച് കുറച്ചുപേരെ കയ്യിലെടുത്ത് അവരെക്കൊണ്ട് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ബലികൊടുക്കുകയാണ് അയ്യപ്പ സംരക്ഷണമെന്ന പേരില്‍ നടക്കുന്നതെന്ന് ദലിത് ആദിവാസി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഇതിനിടെ നിലയ്ക്കലില്‍ സ്ത്രീയുടെ ആത്മഹത്യാ ശ്രമവും നടന്നു. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ സ്ത്രീ മരത്തില്‍ കയറിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇതും ഒരു ആദിവാസി യുവതിയാണെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം ഭാര്യ അടക്കമുള്ള സവര്‍ണ്ണ സ്ത്രീകളെ ചാനലിലും മറ്റും ഇടം നല്‍കുമ്പോള്‍ ആദിവാസികളെ ബലിയാടാക്കാനാണ് സമര സമിതി ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയരുകയാണ്. രാഹുല്‍ ഈശ്വര്‍ തീക്കള്ളൊകൊണ്ട് തല ചൊറിയരുതെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ധന്യ രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുരുക്കിട്ടു നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവച്ചാണ് അവര്‍ അഭിപ്രായം എഴുതിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആരായാലും കൈവിട്ട കളിയാണ്. മുന്‍പ് ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ദളിതരെ ഉപയോഗിച്ചു. അവരിന്നും ജയിലിലും, പലരും ശവമായും വീട്ടിലേക്കെത്തി. അതെ പോലെ ഓര്‍മപ്പെടുത്തി കൊണ്ടു കഴുത്തില്‍ കുരുക്കിടീപ്പിച്ചു ആദിവാസി സ്ത്രീകള്‍. കുട്ടികള്‍ മാത്രം ചില വീടുകളില്‍, അവര്‍ പറയുന്നു ജീവനോടെ അമ്മമാര്‍ വീട്ടിലേക്കെത്തുമോ? ഇതെന്തൊരു ചൂഷണം.
രാഹുല്‍ ഈശ്വര്‍ ദീപയോട് കഴുത്തില്‍ കുരുക്കിട്ട് നില്ക്കാന്‍ പറ. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. അത്രേ പറയാനുള്ളു.