നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഉള്‍പ്പെടെ ശബ്ദം തിരിച്ചറിയുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതു ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനുവേണ്ടി. കേസില്‍ 34-ാം സാക്ഷിയായ മഞ്ജുവിനെ ഈ മാസം 16 നാണു വിസ്തരിക്കുന്നത്.

മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു. അന്നു മഞ്ജു കൂറുമാറിയിരുന്നില്ല. ഇരയ്‌ക്കൊപ്പമാണു നിന്നത്. മറ്റു പല സിനിമക്കാരും കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ മൊഴി  നിര്‍ണായകമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ശബ്ദത്തിന്റെ ഉടമകളെ തിരിച്ചറിയുന്നതിനാണു പ്രോസിക്യൂഷന്‍ വീണ്ടും വിസ്തരിക്കുന്നത്. ദിലീപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സഹോദരന്‍ അനൂപ്, സുഹൃത്ത് ശരത് തുടങ്ങിയവരുടെ ശബ്ദമാണെന്നാണു ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. മഞ്ജുവിനു പരിചയമുള്ളവരാണു ഇവരെല്ലാം. അതിനാല്‍, മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകുമെന്നാണു പ്രോസിക്യൂഷന്റെ കണക്കുകൂട്ടല്‍. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വീണ്ടും വിസ്താരം നടത്തുന്നത്. ബാലചന്ദ്രകുമാറിന്റെ വിസ്താരമാണിപ്പോള്‍ നടക്കുന്നത്.

ദിലീപിനെതിരേ തെളിവുനശിപ്പിച്ച കുറ്റവും, ശരത്തിനെതിരേ തെളിവുമറയ്ക്കാന്‍ ശ്രമിച്ച കുറ്റവുമാണ് പുതുതായി ക്രൈംബ്രാഞ്ച് ചുമത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിലെത്തിച്ചത് 15-ാംപ്രതിയായ ശരത്താണെന്നാണു പ്രോസിക്യൂഷന്‍ വാദം. ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ചശേഷം നശിപ്പിച്ചത് ശരത്തിന്റെ നേതൃത്വത്തിലാണ്. ദിലീപും അഭിഭാഷകനും നിരവധിതവണ ദൃശ്യങ്ങള്‍ കണ്ടതിനു തെളിവുകളുണ്ട്. ദൃശ്യങ്ങള്‍ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഭിഭാഷകന്‍ പറയുന്നതിനും തെളിവുണ്ട്.

സഹോദരീഭര്‍ത്താവായ സുരാജിന്റെ ഫോണില്‍നിന്നാണു ദിലീപ് അഭിഭാഷകനുമായി സംസാരിച്ചത്. ഈ ഫോണുകള്‍ പരിശോധനയ്ക്കായി ഹാജരാക്കണമെന്ന െഹെക്കോടതി നിര്‍ദേശം പാലിക്കാതെ ദിലീപ് മുംെബെയിലെ ഫോറന്‍സിക് വിദഗ്ധര്‍ക്ക് അയച്ചുകൊടുത്തു. ഹാക്കറെ ഉപയോഗിച്ചു വിവരങ്ങള്‍ മായ്ക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കൂറുമാറിയവരെ കൂടാതെ ഹാക്കര്‍ സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ ഉള്‍പ്പെടെയുള്ളവരെയും വിസ്തരിക്കും. പ്രതിഭാഗത്തിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് ഇവര്‍ കൂറുമാറിയതെന്ന് അന്വേഷകസംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top