ആലപ്പുഴ: ചലച്ചിത്ര നടന്‍ ഗീത സലാം അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 72 വയസ്സായിരുന്ന അദേഹം ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകകൃത്ത്, സംവിധായകന്‍, നടന്‍, സമിതി സംഘാടകന്‍, സിനിമ- സീരിയല്‍ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളില്‍ അദേഹം വേഷപ്പകര്‍ച്ച നടത്തി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
നാടകനടനായാ അബ്ദുള്‍ സലാം എന്ന ഗീഥാ സലാം അഭിനയ ജീവിതം തുടങ്ങിയത്. നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും സജീവമായിരുന്നു. ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, ജലോത്സവം, വെള്ളിമൂങ്ങ, റോമന്‍സ്, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങി എണ്‍പതിലധികം സിനിമകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരനായിരുന്നു. നാടകരംഗത്ത് സജീവമാകാന്‍ ജോലി രാജിവയ്ക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയ്യറ്റേഴ്‌സില്‍ അഞ്ചു വര്‍ഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്.
1987ല്‍ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും 2010ല്‍ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ: റഹ്മാബീവി. മക്കള്‍: ഹഹീര്‍, ഷാന്‍. കബറടക്കം വ്യാഴാഴ്ച്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബറിസ്ഥാനില്‍.