കോഴിക്കോട് :രണ്ടാമ വർഷവും കനത്ത മഴയും ദുരന്തവും ഉണ്ടായപ്പോൾ ജാതിമത വ്യത്യാസം കൂടാത്ത ജനത ഒന്നാകെ പ്രളയത്തിലും ദുരന്തത്തിലും പെട്ടവരെ സഹായിക്കാൻ രംഗത്താണ് .കണ്ണൂർ ജില്ലയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ സയനോരയുടെ പോസ്റ്റ് നടൻ ജോയ്മാത്യു ഷെയർ ചെയ്തിരുന്നു. കഴിയാവുന്ന സഹായം നൽകാമെന്ന് അറിയിച്ച് നിരവധി പേരാണ് ഈ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം പ്രവാസിയായ നിഷാദെന്നയാൾ സയനോരയുടെ അഭ്യർത്ഥനയെ പരിഹസിക്കാനാണ് തയ്യാറായത്. നാട് സഹായത്തിനായി കേഴുമ്പോൾ അടുത്തവർഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് ഇദ്ദേഹം പരിഹസിക്കുന്നത്. ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമർശിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുന്നത്. ജോയ് മാത്യുവും യുവാവിന്റെ പെരുമാറ്റത്തെ വിമർശിച്ചിട്ടുണ്ട്. എന്തൊരു മനുഷ്യനാടോ താൻ എന്നാണ് നടൻ ജോയ്മാത്യും നിഷാദിന് മറുപടി നൽകിയിരിക്കുന്നത്.
മഴ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ജനജീവിതം ദുസ്സഹമാക്കി മഴ തുടരുകയാണ്. കനത്ത മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും കൂടിയുണ്ടായപ്പോൾ അമ്പത്തിയേഴോളം പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. സംസ്ഥാനത്താകെ 1221 ക്യാമ്പുകളിലായി 40,967കുടുംബങ്ങളിലെ 1,45,928 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജില്ലയിൽ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ എത്തിയവരിൽ പലരും തകർന്ന വീടുകളിൽ നിന്നും യാതൊരു അവശ്യസാധനവുമെടുക്കാതെ ജീവനും കൊണ്ടോടി ക്യാമ്പിലേക്ക് എത്തിച്ചേരുകയായിരുന്നു.