
കണ്ണൂർ: കൊല്ലുമ്പോൾ നാൽപ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണമെന്നും നടൻ മാമുക്കോയ നല്ല നേതാക്കളില്ലാത്തതാണു രാഷ്ട്രീയ കൊലപാതകങ്ങൾ പെരുകാൻ കാരണമെന്നും മാമുക്കോയ. നേതാക്കൾ ആക്രമിക്കപ്പെടാത്തതു കൊണ്ടാണു കൊല നിലയ്ക്കാത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അക്രമ രാഷ്ട്രീയത്തിനെതിരെ ‘വാളല്ല സമരായുധം‘ കെപിസിസി സംസ്കാര സാഹിതി നടത്തിയ സാംസ്കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്‍റെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നൽകി. സുരേഷ് ഗോപി എംപി മുഖേനയാണ് കുടുംബം പ്രധാനമന്ത്രിക്കു നിവേദനം നൽകിയത്.ക്രൂരമായ കൊലപാതകം നടന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നും ഏതാനും പ്രതികളെ മാത്രം പിടികൂടി അന്വേഷണം പ്രഹസനമാക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന് നാലു ദിവസങ്ങൾക്കുശേഷമാണ് പോലീസ് വീട്ടിലെത്തിയത്.
സിപിഎം നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും ശുഹൈബിനു വധഭീഷണി ഉണ്ടായിരുന്നു. പിടികൂടിയ പ്രതികൾ പ്രദേശവാസികളോ ശുഹൈബിനെ പരിചയമുള്ളവരോ അല്ല. പിടികൂടിയവരിൽ പ്രധാന പ്രതി മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. യഥാർഥ പ്രതികളെയും കൊലചെയ്യിച്ചവരെയും പിടികൂടാൻ സിബിഐ അന്വേഷണം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.