ചെനൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ രംഗത്ത്. നേരത്തെ ഗൗതമിയും മരത്തിലെ ദുരൂഹതകല്‍ വെളിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
ജയലളിതയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മന്‍സൂര്‍ അലിഖാന്‍ അവരെ ആരോ അപകടപ്പെടുത്തി എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ജയലളിതയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് മന്‍സൂര്‍ അലിഖാന്റെ പ്രതികരണം.
ജയലളിത ചികിത്സയിലായിരിക്കേ മന്‍സൂര്‍ അലിഖാന്‍ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ജയലളിതയെ താന്‍ നേരില്‍ കണ്ടിട്ടില്ല. അമ്മ സുഖം പ്രാപിച്ചു വരികയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്നുമാണ് തന്നോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
ജയലളിത സ്വന്തമായി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് ആശുപത്രി ചെയര്‍മാനും പാര്‍ട്ടി നേതാക്കളും പറഞ്ഞത്. പിന്നെയെങ്ങനെയാണ് ജയലളിത ഇത്ര പെട്ടെന്ന് മരിച്ചത്. എന്തുകൊണ്ടാണ് ജയലളിതയുടെ ഒരു ചിത്രമോ വീഡിയോ പോലും പുറത്തു വിടാന്‍ അവരുടെ ഒപ്പമുള്ളവര്‍ തയ്യാറാകാത്തതെന്ന് മന്‍സൂര്‍ ചോദിച്ചു.
സ്ലോ പോയിസണ്‍ ഭക്ഷണത്തില്‍ കലര്‍ത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചവരെ ജയലളിത തന്നെ ഒരിക്കല്‍ പിടികൂടി പുറത്താക്കിയിരുന്നകാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ജയലളിത അനാഥയായിരുന്നു, അവര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ജയലളിതയുടെ മരണത്തില്‍ സംശയങ്ങള്‍ അനവധിയാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ട് തനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുന്നില്ല.
രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കന്മാര്‍ക്ക് പോലും കാണാന്‍ സാധിക്കാതെ വിധം ജയലളിതയെ തടവിലിട്ടത് എന്തിനാണെന്നും എന്തായിരുന്നു അവരുടെ അസുഖമെന്നും എങ്ങനെയാണ് അവര്‍ മരിച്ചതെന്നും അടക്കമുള്ള എല്ലാ കാര്യങ്ങളിലും സത്യസന്ധമായ അന്വേഷണം വേണമെന്നും സത്യം ശിവം സുന്ദരം, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ മന്‍സൂര്‍ അലിഖാന്‍ ആവശ്യപ്പെട്ടു. ജയലളിതയെ കൊന്നത് സ്ലോപോയിസിനിലൂടെയായിരിക്കാമെന്ന ആശങ്ക നേരത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു. പിന്നീട് തമിഴ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും. വന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.