കൊച്ചി: നടന്‍ രതീഷിന്റെ ഓര്‍മ്മകള്‍ നെഞ്ചേറ്റിയ വേദിയില്‍ മകള്‍ പത്മ വിവാഹിതയായി. ഇടപ്പള്ളി സ്വദേശി സഞ്ജീവ് പത്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മലയാളത്തിലെ മിക്ക സിനിമാതാരങ്ങളുമെത്തി.
മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മേനകയും സുരേഷും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചു. താലവുമായി പാര്‍വതിയും കീര്‍ത്തിയും രാധിക സുരേഷ് ഗോപിയും വധുവിനെ വരവേറ്റു. മമ്മൂട്ടി മോതിരം കൈമാറി. ജയറാം പൂച്ചെണ്ട് നല്‍കി. പാര്‍വതിയും മേനകയും വധൂവരന്മാര്‍ക്ക് മധുരം പകര്‍ന്നു. ദിലീപ്, മഞ്ജു വാര്യര്‍, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി. കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, മണിയന്‍പ്പിള്ള രാജു, ഷാജി കൈലാസ്, ആനി, ചിപ്പി, നീരജ് മാധവ്, തുടങ്ങിയ സിനിമാ രംഗത്തെ മറ്റ് പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.
മലയാളത്തില്‍ നായകനായും വില്ലനായും തിളങ്ങിയിരുന്ന രതീഷ് 2002ലാണ് മരിച്ചത്. അതിന് ശേഷം അമ്മ ഡയാനയായിരുന്നു മക്കളായ പാര്‍വതി, പത്മരാജ്, പത്മ, പ്രണവ് എന്നിവരുടെ താങ്ങും തണലും. ട്യൂമര്‍ കാരണം ഡയാനയും മരിച്ചതോടെ സിനിമാ ലോകത്തിന്റെ സംരക്ഷണയിലായി മക്കള്‍. പാര്‍വ്വതിക്ക് സിനിമയിലും അഭിനയിക്കാന്‍ അവസരം കിട്ടി. രതീഷിനൊപ്പം സിനിമയില്‍ നിറഞ്ഞ എല്ലാ സുഹൃത്തുക്കളും ഈ കുടുംബത്തിന് താങ്ങും തണലുമായി. ഇത് തന്നെയാണ് പത്മയുടെ വിവാഹച്ചടങ്ങിലും നിറഞ്ഞത്. നിര്‍മ്മതാവ് സുരേഷ് കുമാറും ഭാര്യ മേനകയും എല്ലത്തിനും മുന്നില്‍ നിന്നു.