നടിമാരുടെ മൊഴിയിൽ പൊലീസ് ത്രിശങ്കുവിൽ ! നടൻ മുകേഷ് അടക്കം എല്ലാവർക്കും എതിരെ കേസെടുക്കാൻ ഭയം .തെളിവുകൾ നിർണായകം!കൂട്ട അറസ്റ്റും പ്രതിസന്ധിയിൽ.സിപിഎം കടുത്ത സമ്മർദ്ധത്തിൽ !

സിനിമാ മേഖലയിലെ നടിമാരുടെ വെളിപ്പെടുത്തൽ സിപിഎം സർക്കാരിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു.സിപിഎം നേതാക്കൾ അടക്കം ഉള്ളവർ പ്രതിസ്ഥാനത്ത് എത്തിയത് സിപിഎമ്മിന് കനത്ത പ്രഹരം തന്നെയാണ് .നടനും എം എൽയുമായ മുകേഷിനെ അടക്കം സിപിഎം പ്രവർത്തകരായ സിനിമ താരങ്ങളെ സംരക്ഷിക്കാൻ പാർട്ടിക്ക് ആകില്ല .സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിയും. സിപിഐഎം തീരുമാനത്തിലാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല.

സംബന്ധിച്ച് അന്വേഷണം നടത്താൻ പോകുന്ന പ്രത്യേക സംഘം ഇനി നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളികളായിരിക്കും. പുറത്തുവന്ന മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നടൻ മുകേഷ് ഉൾപ്പെടെ ആരോപണ വിധേയരായ എല്ലാവർക്കും എതിരെ കേസെടുക്കേണ്ടി വരും. അറസ്റ്റ് ചെയ്യുകയാണെങ്കിലും ഒരാളെ മാത്രം ഒഴിവാക്കി മുന്നോട്ട് പോകാനും പറ്റില്ല. അതായത് കേസും അറസ്റ്റുമായി മുന്നോട്ട് പോകുകയാണെങ്കിൽ എല്ലാവർക്കും എതിരെ ഒരേ രൂപത്തിലുള്ള നടപടി സ്വീകരിക്കേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം നടൻ മുകേഷും നേരിടുന്നതിനാൽ പ്രതി ചേർക്കപ്പെട്ടാൽ അദ്ദേഹത്തിന്റെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഇക്കാര്യത്തിൽ മുകേഷിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ്സിനോ യു.ഡി.എഫ് നേതൃത്വത്തിനോ അർഹതയില്ല. സരിതാ നായർ നൽകിയ പീഡനപരാതിയിൽ പ്രതികളായിട്ടും ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, അടൂർ പ്രകാശ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചിരുന്നില്ല. കോൺഗ്രസ്സ് എം.എൽ.എ ആയിരുന്ന എം വിൻസന്റും മറ്റൊരു സ്ത്രീപീഡന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ ആയിട്ടും പദവി രാജിവച്ചിരുന്നില്ല. സരിത നായർ നൽകിയ പീഡനക്കേസിൽ പ്രതിയായിരിക്കെ തന്നെയാണ് കെ.സി വേണുഗോപാലിനെ കോൺഗ്രസ്സ് സംഘടനാ ജനറൽ സെക്രട്ടറിയായി ഹൈക്കമാന്റ് നിയോഗിച്ചിരുന്നത്. അതുപോലെ തന്നെ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് പദവിയിൽ നിയോഗിച്ചതും സരിതയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരിക്കെ തന്നെയാണ്.

ഈ കേസ് ഒടുവിൽ അന്വേഷിച്ച സി.ബി.ഐ വർഷങ്ങൾക്ക് ശേഷം പീഡനപരാതിയിൽ തെളിവില്ലെന്ന് കണ്ടെത്തിയതോടെ മാത്രമാണ് ഇവരെല്ലാം തന്നെ കുറ്റവിമുക്തരാക്കപ്പെട്ടിരുന്നത്. മുകേഷിന്റെ രാജി ആവശ്യപ്പെടുന്നവർക്ക് മുന്നിൽ സി.പി.എം ഉയർത്തുന്ന പ്രതിരോധവും ഇതു തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വലതുപക്ഷമല്ല ഇടതുപക്ഷമെന്നതിനാൽ മുകേഷിന്റെ കാര്യത്തിൽ സി.പി.എം ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. മുകേഷിനെ രാജിവയ്പ്പിച്ച് കൊല്ലം സീറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസ്സ് മുന്നോട്ട് പോകുന്നത്. ഈ കെണിയിൽ വീഴാതെ അന്വേഷണം പെട്ടെന്ന് പൂർത്തീകരിച്ച് യാഥാർത്ഥ്യം പുറത്ത് കൊണ്ടുവരാനാണ് സർക്കാർ നിലവിൽ ശ്രമിക്കുന്നത്. അന്വേഷണത്തിൽ മുകേഷിന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റുമെന്നു തന്നെയാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.സോളാർ കേസിന് സമാനമായ സാഹചര്യമാണ് നടിമാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ചാൽ സംഭവിക്കാൻ പോകുന്നതെന്നാണ് പുറത്തുവന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പ്രമുഖ അഭിഭാഷകരും വിലയിരുത്തുന്നത്.

പരാതിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകൾ… അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ ഇല്ലാത്തതും സംഭവങ്ങൾ നടന്നതായി പറയുന്നതിന്റെ കാലപഴക്കവും കേസിന് വെല്ലുവിളി തന്നെയാണ്. എന്നാൽ, ഇതൊന്നും തന്നെ എഫ്.ഐ.ആർ ഇടാൻ തടസ്സമല്ലെങ്കിലും… വിചാരണാ ഘട്ടത്തിൽ കോടതിയിൽ തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. മാത്രമല്ല, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ ആ എഫ്.ഐ.ആർ റദ്ദാക്കാൻ പ്രതിചേർക്കപ്പെട്ടവർ കോടതിയെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. ഹൈക്കോടതി ഇടപെട്ട് എഫ്.ഐ.ആർ റദ്ദാക്കിയാലും പ്രതികളെ കോടതി വെറുതെ വിട്ടാലും വെട്ടിലായി പോകുക പരാതി നൽകിയവർ മാത്രമല്ല അന്വേഷണസംഘം കൂടിയാണ്.

ഇവിടെയാണ് നമ്പി നാരായണൻ കേസിന്റെ ക്ലൈമാക്സും പ്രസക്തമാകുന്നത്. ഏത് കേസിൽ പ്രതി ചേർക്കപ്പെട്ടവർക്കും, ജയിലിൽ അടയ്ക്കപ്പെട്ടവർക്കും ആ കേസുകളിൽ കോടതിയിൽ നിന്നും അനുകൂലവിധിയുണ്ടായാൽ അറസ്റ്റ് ചെയ്തവർക്കും പരാതി നൽകിയവർക്കും എതിരെ നിയമ നടപടി സ്വീകരിക്കാനുള്ള എല്ലാവിധ അവകാശവും ഉണ്ട്. നമ്പി നാരായണൻ ഉപയോഗിച്ച ആ അവകാശം ഇങ്ങനെ കുറ്റവിമുക്തമാക്കപ്പെട്ടവർ ഉപയോഗിക്കാൻ തുടങ്ങിയാൽ കേസ് തന്നെ തിരിച്ചടിക്കും. വാദി തന്നെ പ്രതിയാകേണ്ട സാഹചര്യമാണ് അത്തരമൊരു അവസ്ഥയിൽ ഉണ്ടാകുക.

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സുപ്രധാന കണ്ടെത്തൽ സിബിഐ നടത്തിയത് ഈ കേസിൽ വെറുതെ വിടപ്പെട്ട നമ്പി നാരായണന്റെ നിയമ പോരാട്ടത്തിന്റെ ഫലമാണ്. ഈ കേസ് കെട്ടിച്ചമച്ചത് മുൻ സി.ഐ ആയിരുന്ന എസ് വിജയനാണെന്നും തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസിന്റെ നേതൃത്വത്തിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നുമാണ് ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

മുൻ പൊലീസ് ഉദ്യോഗസ്ഥരും, ഐ.ബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ചാരവൃത്തി നടത്തിയെന്ന് എഴുതിച്ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതിചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി ജോഷ്വ കൃത്രിമരേഖ ഉണ്ടാക്കിയെന്നതാണ് സിബിഐയുടെ കണ്ടെത്തൽ. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. തുടർന്ന് ഈ കേസിൽ കർശന ഉപാധികളോടെയാണ് പ്രതികളായ മുൻ പൊലിസ് ഓഫീസർമാർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഗൂഢാലോചന കേസിൽ ഒന്നാം പ്രതി എസ് വിജയൻ തന്നെയാണ്. നാലാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസാണ്. മുൻ ഗുജറാത്ത് ഡി.ജി.പിയും, മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടറുമായ ആർ ബി ശ്രീകുമാറാണ് പതിനൊന്നാം പ്രതി. ഉന്നതരായ മുൻ ഐ.പി.എസ് ഓഫീസർമാർ ഉൾപ്പെടെ ഗൂഢാലോചന കേസിൽ കുടുങ്ങിയത് കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ പൊലീസ് സേനയെ ഞെട്ടിച്ച സംഭവമാണ്.

ഈ കേസും അതിന്റെ പ്രത്യാഘാതവും ശരിക്കും അറിയാവുന്ന കേരള പൊലീസിന് വമ്പൻമാരായ സിനിമാ താരങ്ങൾക്ക് എതിരായ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളിൽ കൃത്യമായ തെളിവുകൾ ഇല്ലാതെ ഒരടി മുന്നോട്ട് പോകാൻ കഴിയുകയില്ല. മാധ്യമങ്ങളുടെ വിചാരണയും സമ്മർദ്ദവുമല്ല തെളിവുകളാണ് ഇവിടെ ആവശ്യമായുള്ളത്. അത് നൽകാൻ പരാതി നൽകുന്നവർക്ക് ബാധ്യതയുണ്ട്. പരാതിക്കാരുടെ ഉദേശ്യശുദ്ധി പ്രതിസ്ഥാനത്തുള്ളവർ ചോദ്യം ചെയ്യുന്നതിനാൽ പുതിയ സാഹചര്യത്തിൽ അതും കണ്ടില്ലെന്ന് നടിക്കാൻ അന്വേഷണ സംഘത്തിന് കഴിയുകയില്ല. തനിക്ക് എതിരായ വെളിപ്പെടുത്തൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി നടൻ സിദ്ധിഖ് ഡി.ജി.പിക്ക് നൽകിയ പരാതി, കേസ് വന്നാൽ… അതിനെ നിയമപരമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സിദ്ധിഖിന് എതിരെ നടി പരാതി നൽകുന്നതിന് മുൻപാണ് സിദ്ധിഖ് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. ഇതേ പാതയിൽ മുന്നോട്ട് നീങ്ങാനാണ് മുകേഷും രഞ്ജിത്തും ഉൾപ്പെടെയുള്ള മറ്റ് ആരോപണവിധേയരും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തനിക്ക് എതിരെ ആരോപണം ഉന്നയിച്ച നടി പണം ആവശ്യപ്പെട്ടതിന് തെളിവുണ്ട് എന്ന് മുകേഷും വ്യക്തമാക്കിയിട്ടുണ്ട്. ഇതും അന്വേഷണത്തിൽ നിർണ്ണായകമാകും.

പ്രത്യേക അന്വേഷണ സംഘത്തിന് ഇതെല്ലാം പരിഗണിച്ച് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചാൽ വാട്സ് ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെ പരിശോധിക്കേണ്ടതായി വരും. ഏതെങ്കിലും ഒരു സ്‌ക്രീൻ ഷോട്ട് നടിമാർ തെളിവായി നൽകിയാൽ പോലും അതിന്റെ ആധികാരികത ഉറപ്പ് വരുത്താൻ അവരുടെ മൊബൈൽ ഫോണുകളും പരിശോധിക്കേണ്ടതായി വരും. മാത്രമല്ല വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ നിന്നു തന്നെ വിശദാംശങ്ങൾ ലഭിച്ചാൽ മാത്രമേ ഇതുവഴി ലഭിക്കുന്ന തെളിവുകൾക്ക് കോടതിയിൽ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. മൊബൈൽ നഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ പോലും അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ വാട്സ് ആപ്പിന് പഴയ ചാറ്റുകൾ ലഭ്യമാക്കാൻ കഴിയും.

Top