കൊച്ചി: കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ അന്വേഷണം താരങ്ങളിലേക്ക് നീളുന്നുന്നതായി സൂചന. സൂപ്പര്‍ താരങ്ങളായ ദിലീപിനേയും മുകേഷിനേയും ചോദ്യം ചെയ്യാന്‍ അനുമതി ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എല്ലാ ആരോപണവും അന്വേഷിക്കാന്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നില്‍ദ്ദേശം നല്‍കിയിരുന്നു. സിനിമയ്ക്കുള്ളിലെ വഴിവിട്ട ബന്ധങ്ങള്‍ എല്ലാം പൊലീസ് പരിശോധിക്കും. നടിയുമായി പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നവരെയെല്ലാം ചോദ്യം ചെയ്യുകയും ചെയ്യും. പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടായിരുന്നവരെ കര്‍ശന നിരീക്ഷണത്തിലാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയും അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെയാണ് സി.പി.എമ്മിനേയും കണക്ട് ചെയ്യുന്ന വിധത്തില്‍ കാര്യങ്ങള്‍ പോകുന്നത് .
സിപിഎം എംഎല്‍എയായ മുകേഷിനെ ചോദ്യം ചെയ്യും എന്നറിയുന്നു. മാത്രമല്ല ജനപ്രിയ നായകനായ ദിലീപിനേയും ചോദ്യം ചെയ്യുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. അതിനുള്ള അനുമതി ഡിജിപിയോട് അന്വേഷണ സംഘം തേടിയെന്നാണ് സൂചന. ആരില്‍ നിന്നും മൊഴിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതിയുള്ളതിനാല്‍ മുകേഷിനേയും ദിലീപിനേയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.അക്രമിക്കപ്പെട്ട നടി ലാലിന്റെ നിര്‍മ്മാണ കമ്പനിയുടെ സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഹണി ബി രണ്ട് എന്ന ഈ യൂണിറ്റിന്റെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍. പോലീസിനും പിടി തോമസിനും ഉണ്ടായ സംശയങ്ങളാണ് മാര്‍ട്ടിനെ എല്ലാം തുറന്നു പറയിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
അതിനിടെ വിഷയത്തില്‍ ഇനി പക്ഷം പിടിക്കേണ്ടെന്ന് താര സംഘടനയായ അമ്മ തീരുമാനിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്ന് തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്. പൊലീസുമായി കേസ് അന്വേഷണത്തില്‍ സഹകരിക്കാനും നടിക്ക് എല്ലാ വിധ പിന്തുണയും നല്‍കാനുമാണ് അമ്മയുടെ തീരുമാനം. ആരേയും സഹായിക്കുന്ന പ്രസ്താവനകള്‍ നടത്തില്ല. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ എത്തിയില്ലെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങാന്‍ മാക്ടയും തീരുമാനിച്ചു. സര്‍ക്കാരിനെതിരെ ഈ വിഷയം ചര്‍ച്ചയാക്കാന്‍ ബിജെപിയും രംഗത്തുണ്ട്. ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരെ പിന്തുണച്ചുവെന്ന തോന്നല്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാട് എടുക്കാനാണ് പിണറായിയുടെ തീരുമാനം.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി സന്ധ്യക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എത്ര ഉന്നതനായാലും നടിക്ക് നീതിയുറപ്പാക്കാന്‍ തന്നെയാണ് പിണറായി നല്‍കുന്ന നിര്‍ദ്ദേശം. എന്നാല്‍ 100ശതമാനം തെളിവും ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും എതിരായാല്‍ മാത്രമേ താരങ്ങളെ അറസ്റ്റ് ചെയ്യാവൂ. ആരോടും കാര്യങ്ങള്‍ തിരക്കുന്നതില്‍ തടസ്സവുമില്ല. ഇതാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. സര്‍ക്കാരിനെതിരെ ആരും രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റരുത്. ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നത് ദേശീയ തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. അതിനാല്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ എത്രയും വേഗം പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ജാമ്യാപേക്ഷയിലും മറ്റും ഒത്തുകളി പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ കര്‍ശന നിലപാടാണ് മുകേഷനും ദിലീപിനും വിനയാകുന്നത്.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പിണക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മഞ്ജു വാര്യര്‍ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. പള്‍സര്‍ സുനിയെ വാടകയ്ക്ക് എടുത്തതാണെന്ന് മഞ്ജു നിരന്തരം പറയുന്നുമുണ്ട്. നടിയുമായി ദിലീപിന് ബിസിനസ്സ് ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭൂമി ഇടപാട് തര്‍ക്കം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദിലീപ്-കാവ്യ മാധവന്‍ വിവാഹ സമയത്തും സമാനമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപിക്കപ്പെടുന്നത് പോലെ ദിലീപും ആക്രമിക്ക്‌പ്പെട്ട നടിയും ശത്രുക്കളാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അത് തെളിയിക്കപ്പെട്ടാല്‍ പള്‍സര്‍ സുനിക്കും ദിലപീനും തമ്മിലെ ബന്ധത്തിന് നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സിപിഎമ്മിന്റെ എംഎല്‍എയാണ് മുകേഷ്. പള്‍സര്‍ സുനിയുമായി മുകേഷിനും ബന്ധമുണ്ട്. മുകേഷിന്റെ മുന്‍ ഡ്രൈവറായിരുന്നു സുനി. സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് താന്‍ ഒഴിവാക്കുകയായിരുന്നുവെന്ന് മുകേഷ് പരസ്യമായി സമ്മതിക്കുകയും ചെയ്തു. അതിനിടെ ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന് മുകേഷ് പണം കടം കൊടുത്തതായി ചലി സിനിമാക്കാര്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കഥകളും സിനിമാ ലോകത്ത് സജീവമാണ്. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് അന്വേഷണ സംഘം ആലോചിക്കുന്നത്. സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കിലും പാര്‍ട്ടി എംഎല്‍എ കൂടിയായ മുകേഷിനെ നിസ്സാരമായ തരത്തില്‍ മൊഴി രേഖപ്പെടുത്തുന്ന നടപടികളിലേക്ക് പൊലീസിന് കഴിയില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാകും മുകേഷില്‍ നിന്ന് മൊഴിയെടുക്കുക.
സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഓരോ തെളിവും സൂക്ഷ്മമായി പരിശോധിക്കും. വേണമെങ്കില്‍ ആക്രമത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും തേടും. മഞ്ജു വാര്യരില്‍ നിന്നും കാര്യങ്ങള്‍ തിരക്കുന്നതും പരിഗണിക്കും. കേസില്‍ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയുമായി ചലച്ചിത്ര രംഗത്തുള്ള ചിലര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസിന്റെ പുതിയ നീക്കങ്ങള്‍. സുനിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ചലച്ചിത്ര രംഗത്തെ പല പ്രമുഖരുമായും സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് മനസ്സിലായത്. സംഭവം നടക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലെ ചില കോളുകള്‍ അന്വേഷണ സംഘത്തില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഈ കോള്‍ ലിസ്റ്റില്‍ വരുന്നവരെയെല്ലാം നിരീക്ഷിക്കുകയാണ് പൊലീസ്. ചലച്ചിത്ര രംഗത്തെ ആരെങ്കിലും സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.