തിരുവനന്തപുരം: രണ്ടുപഫ്‌സിനും കാപ്പിക്കും 680 രൂപ വാങ്ങിയ വിമാനത്താവളത്തിലെ റസ്റ്റോറന്റിനെതിയുള്ള പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കണമെന്ന് സംസ്ഥാന കമ്മിഷന്‍ അഭ്യര്‍ത്ഥിച്ചു. വിമാനത്താവളത്തിലെ ഷോപ്പുകള്‍ക്കെതിരെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. 2016 സെപ്റ്റംബര്‍ 23നാണ് നടി അനുശ്രീ ഈ വിഷയം സോഷ്യല്‍ മീഡിയയിലുടെ പുറത്തെത്തിച്ചത്.
യാത്രക്കാരെ പിഴിയുന്ന റസ്റ്റോറന്റിനെതിരെ നടപടിയെടുക്കാന്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ റസ്റ്റോറന്റിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഭക്ഷ്യസുരക്ഷാ അഥോറിറ്റിക്കേ അധികാരമുള്ളൂവെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മിഷനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷന് അയച്ചത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അനുശ്രീ. വെഡ്ഡിങ് ലൈഫ് മാഗസിന് വേണ്ടിയ കൊച്ചിയിയിലേക്ക് ഫോട്ടോഷൂട്ടിനായി പുറപ്പെടും മുമ്പാണ് ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചത്.
ബില്ല് വന്നപ്പോള്‍ അനുശ്രീ ശരിക്കും ഞെട്ടുകയായിരുന്നു. എല്ലാത്തിനും കൂടി 680 രൂപയാണ് ചെലവായത്. ബില്ലിന്റെ ഫോട്ടൊ സഹിതം അനുശ്രീ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: തിരുവനന്തപുരം നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ…! ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്. ഇതിന് ശേഷമാണ് അനുശ്രീ നിയമനടപടി തുടങ്ങിയത്.