കൊച്ചി: നടി അക്രമിക്കപ്പെട്ട കേസ്സില്‍ സിബിഐ അന്വേഷണത്തിന് ബിജെപി ശ്രമിക്കുന്നു. കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന പരാതി ബിജെപി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷണത്തോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്ന് ബിജെപി കരുതുന്നു.
എന്നാല്‍ ഇതിനു നടിയോ ബന്ധുക്കളോ തയാറാകണം. ഇതിനായുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി നടിയോ, ബന്ധുക്കളോ സര്‍ക്കാരിനെ സമീപിച്ചാല്‍ മറ്റുള്ള സമ്മര്‍ദ തന്ത്രങ്ങളും പ്രക്ഷോഭങ്ങളും നടത്താന്‍ പാര്‍ട്ടി തയാറാണ്. എന്നാല്‍ നടിയുടെ ഭാഗത്തു നിന്നും ഇതിനുള്ള ഉറപ്പുകളൊന്നും കിട്ടിയിട്ടില്ല.
അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ ഹൈക്കോടതി ഇടപെടാനുള്ള സാധ്യത കുറവാണെന്നാണ് പാര്‍ട്ടിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിനിടെ മുതിര്‍ന്ന ബിജെപി നേതാക്കളും പാര്‍ട്ടി അനുഭാവികളായ സിനിമാതാരങ്ങളും നടിയെ സ്വാധീനിക്കാനും ശ്രമം നടത്തുന്നുണ്ട്. രാജ്യസഭാംഗം സുരേഷ് ഗോപി തന്നെയാവും നടിയുമായി സംസാരിക്കുകയെന്നും സൂചനയുണ്ട്.
ഇതിനിടെ നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടത്താന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.