പീഡന ദൃശ്യങ്ങള്‍ കിട്ടിയതോടെ പള്‍സര്‍ സുനിയെ മുഖ്യ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി പോലീസ്; സിനിമയിലെ ഗൂഢാലോചന ഇനി ആരോപണം മാത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് സൂചന. സുനിയെ മുഖ്യ പ്രതിയാക്കി കുറ്റപത്രം കൊടുക്കാനാണ് പോലീസിന്റെ തീരുമാനം. നടിയെ ആക്രമിച്ചശേഷം പ്രതികള്‍ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തവയിലുണ്ടെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ ഇതു ദൃശ്യം പകര്‍ത്തിയ ഫോണില്‍ ഉപയോഗിച്ച മെമ്മറി കാര്‍ഡ് തന്നെയെന്നു സ്ഥിരീകരിക്കാനായില്ല. മുഖ്യപ്രതി സുനില്‍കുമാര്‍ അഭിഭാഷകനു കൈമാറിയ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണു തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍നിന്നു പൊലീസിനെ അനൗദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ദൃശ്യം പകര്‍ത്താനുപയോഗിച്ച യഥാര്‍ഥ മെമ്മറി കാര്‍ഡ് തന്നെയാണോ ഇതെന്ന വിവരം വെളിപ്പെടണമെങ്കില്‍ പരിശോധനാ റിപ്പോര്‍ട്ട് കിട്ടണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിര്‍ണ്ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ചതോട് കൂടിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കാന്‍ തുടങ്ങുന്നത്. സുനി അഭിഭാഷകന് പ്രതികള്‍ കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ തെളിവുകള്‍ പൂര്‍ത്തിയാകും. ഫോറന്‍സിക് സയന്‍സ് ലാബില്‍ നിന്നുള്ള ഫലം കോടതിയിലെത്തിയിട്ടില്ല. ഇന്നോ നാളെയോ ഫോറന്‍സിക് റിപ്പോര്‍ട്ട് എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി സംഭവ ദിവസത്തെ ഓരോ നീക്കങ്ങളും ചോദിച്ച് ഉറപ്പുവരുത്തി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍നിന്നു വീണ്ടെടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലെ പ്രശ്നങ്ങളാണ് നടിയെ ആക്രമിക്കാന്‍ കാരണമെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ആരുടേയും പേരില്‍ നടി ആരോപണം ഉന്നയിച്ചിട്ടില്ല. ക്വട്ടേഷനും ഗൂഢാലോചനയുമെല്ലാം പ്രതി പറഞ്ഞ് അറിഞ്ഞ ആരോപണങ്ങള്‍ മാത്രമാണ്. ഇതെല്ലാം നടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സുനി പറയുന്നു. തല്‍കാലം അത് വിശ്വസിക്കാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം. അതിനപ്പുറത്തേക്ക് അന്വേഷണം ഒന്നും ഉണ്ടാകില്ല.

അതിനിടെ പ്രതികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ പുതിയ അഭിഭാഷകനെ കണ്ടെത്തേണ്ടി വരും. സുനി കൈമാറിയ ഫോണും മെമ്മറി കാര്‍ഡും അടക്കമുള്ളവ കോടതിയില്‍ ഏല്‍പ്പിച്ച പ്രതികളുടെ അഭിഭാഷകന്‍ കേസില്‍നിന്നു പിന്മാറി. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്, ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവയാണ് പള്‍സര്‍ സുനി അഭിഭാഷകനായ ഇ.സി. പൗലോസിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇവ കോടതിയില്‍ ഹാജരാക്കിയതോടെ അഭിഭാഷകന്‍ കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടു.

പൊലീസ് മഹസറില്‍ അഭിഭാഷകനും ഭാര്യയും ഒപ്പിട്ടതോടെയാണു കേസില്‍നിന്നു പിന്മാറേണ്ടി വന്നത്. പള്‍സര്‍ സുനിയടക്കം നാലുപേരുടെ വക്കാലത്ത് അഭിഭാഷകന്‍ തിരിച്ചുനല്‍കി. കേസിലെ സാക്ഷിക്കു പ്രതികള്‍ക്കുവേണ്ടി ഹാജരാകാനാവാത്തതിനാലാണ് പിന്മാറ്റമെന്ന് ഇ.സി. പൗലോസ് പറഞ്ഞു. തെളിവ് നിയമത്തിലെ വകപ്പ് 126 അനുസരിച്ച് പ്രതി നല്‍കിയ തെളിവുകള്‍ പുറത്തു പറയാതിരിക്കാന്‍ അഭിഭാഷകന് അവകാശമുണ്ട്. വക്കാലത്ത് ഒപ്പിട്ടുപോയ ശേഷം പ്രതികള്‍ വിളിക്കുകയോ കാണുകയോ ചെയ്യാതിരുന്നതിനാലാണു തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംസാരവും കേസിന്റെ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന നിര്‍ദ്ദേശങ്ങളും കേസ് തീര്‍ന്നാലും പുറത്തുപറയരുതെന്നാണ് തെളിവ് നിയമത്തിലെ വകുപ്പ് 126 ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കാര്യങ്ങള്‍ കക്ഷിയുടെ അനുമതിയില്ലാതെപുറത്തുപറയുന്നതു തൊഴില്‍പരമായ കുറ്റവുമാണ്. പ്രതികളായ പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ സംഭവദിവസം രാത്രിയാണ് വീട്ടിലെത്തി വക്കാലത്ത് ഒപ്പിട്ടു നല്‍കിയത്.
സുനി നേരത്തെ ചില കേസുകളില്‍ ഇതേ അഭിഭാഷകരുടെ കക്ഷിയാണ്. വക്കാലത്ത് ഒപ്പിടാന്‍ കാറില്‍ എത്തിയ മൂവരും തിരിച്ചറിയല്‍ കാര്‍ഡുകളും വെളുത്ത മൊബൈല്‍ ഫോണും വിജീഷിന്റെ പാസ്‌പോര്‍ട്ടും ഏല്‍പ്പിച്ചു.

Top