കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അന്വോഷണം അന്തിമ ഘട്ടത്തിലേക്ക് എന്ന് സൂചന .കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന ഭയത്തിലാണ് സിനിമാ ലോകം .ഇന്നും സിമിമ മേഖലയിലെ പ്രമുഖരെ ചോദ്യം ചെയ്തു.കേസിലെ മുഖ്യപ്രതി പൾസർ സുനി സംഭവത്തിൽ പ്രമുഖ നടൻ സിദ്ദിഖിനുള്ള റോൾ വിശദമാക്കി പൊലീസിൽ മൊഴി നൽകിയെന്നു സൂചനയുണ്ട് . ഗൂഢാലോചനയിൽ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച് കാവ്യക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും താൻ പൊലീസിനെ അറിയിച്ചെന്ന് മുഖ്യപ്രതി സുനിൽകുമാർ തന്നോട് വ്യക്തമാക്കിയതായി ജയിലിൽ സന്ദർശിച്ച അഭിഭാഷകരിൽ ഒരാൾ പുറത്തുവിട്ടതായി റിപ്പോർട്ട് .കഴിഞ്ഞ ദിവസത്തെ പൊലീസ് നീക്കം കണക്കിലെടുക്കുമ്പോൾ ഇക്കാര്യത്തിൽ കഴമ്പുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നു.. നടിയെ അക്രമിക്കുന്നത് സംബന്ധിച്ച് മുന്‍കൂര്‍ അറിയാമായിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് സിദ്ധിഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു.ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം സിദ്ധിഖിനെ ചോദ്യം ചെയ്തത് എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനകം തന്നെ കാവ്യയിൽ നിന്നും സിദ്ദിഖിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.ദിലീപുമായി ചില ബിസിനസ് ഇടപാടുകൾ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ‘അമ്മ’യുടെ യോഗത്തിനെത്തിയ നടിമാരെ ചിലർ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാർത്തായിരുന്നു. ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇയാൾ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാൽ ദിലീപിനെ സംശയിക്കുന്ന തരത്തിൽ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പൾസർ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്.
ഇവരിലേക്ക് അന്വേഷണം എത്തിയ സാഹചര്യത്തിൽ ആർക്കും ക്ലീൻചീട്ട് നൽകിയിട്ടില്ലെന്ന് റൂറൽ എസ് പി ഏ വി ജോർജ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചതും ശ്രദ്ധേയമായി. സെക്ഷൻ 164 പ്രകാരം സുനിൽകുമാറിനേക്കൊണ്ട് കോടതിയിൽ രഹസ്യമൊഴി നൽകിക്കുന്നതിനുള്ള തന്റെ നീക്കം വിജയിച്ചാൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുമെന്നാണ് മുതിർന്ന അഭിഭാഷകൻ അഡ്വ. ആളൂരിന്റെ കണക്കുകൂട്ടൽ. ഇതിനുള്ള തന്റെ ഹർജി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതി സ്വീകരിച്ചിട്ടില്ലെന്നും ഈ വഴിക്കുള്ള നീക്കം തുടരുകയാണെന്നും ആളൂർ വ്യക്തമാക്കി.
ദിലീപിനെ ചോദ്യം ചെയ്യാൻ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചപ്പോൾ പാതിരാത്രിക്ക് അവിടെ എത്തിയ ഏക താരം സിദ്ദിഖായിരുന്നു. സഹപ്രവർത്തകൻ എന്ന നിലയിലാണ് താൻ ദിലീപിനെ കാണാൻ എത്തിയതെന്നായിരുന്നു അന്ന് സിദ്ദിഖ് പ്രതികരിച്ചത്. മാറിയ സാഹചര്യത്തിൽ അന്നത്തെ സിദ്ദിഖിന്റെ പൊലീസ് ക്ലബ്ബിലേക്കുള്ള വരവ് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നെന്നും ദിലീപിനെക്കണ്ട് വിവരങ്ങൾ അറിയുന്നതിനുള്ള തിടുക്കമായിരുന്നു സിദ്ദിഖിനെ ഇവിടെ എത്തിച്ചതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിനുശേഷം നടന്ന അമ്മ യോഗത്തിലും ദിലീപിന്റെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചവരിൽ ഒരാളാണ് സിദ്ദിഖ്.സിദ്ദിഖിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദൂരീകരിക്കാൻ അന്വേഷണ സംഘം ജയിലിലെത്തി മുഖ്യപ്രതി സുനിൽകുമാറിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. സുനിൽകുമാർ മൊഴിയിൽ ഉറച്ചുനിന്നതോടെ കേസിൽ തെളിവുകളും സാക്ഷിമൊഴികളും ശക്തമാക്കി കൂടുതൽ അറസ്റ്റുകൾക്ക് അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. മൊഴിയെടുക്കൽ അതിവേഗം പുരോഗമിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കാവ്യ മാധവനേയും റിമി ടോമിയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.