സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ അർധരാത്രി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം മറ്റൊരു നടിയിലേയ്‌ക്കെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത നായകൻ ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കൊച്ചിയിലെ വ്‌സ്ത്ര സ്ഥാപനമായ ലക്ഷ്യയിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതോടെ അന്വേഷണത്തിന്റെ പരിധിയിൽ കാവ്യയും വരുമെന്ന സൂചന പൊലീസിനു ലഭിച്ചു.
കേസിൽ ഇതുവരെ ഉൾപ്പെടാതിരുന്ന ഒരു സ്ത്രീയിലേയ്ക്ക് അന്വേഷണം നീളുമെന്ന് സൂചന ഇതോടെ പൊലീസിനു ലഭിച്ചു. അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ സുഹൃത്തുക്കൾ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനോട് പറഞ്ഞ ‘മാഡ’ത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുക. സോളാർ കേസിലെ പ്രതി സരിതാ എസ്. നായർക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി. കേസിൽ ഫെനിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചന.
പൾസർ സുനിക്ക് കീഴടങ്ങാൻ സഹായം ആവശ്യപ്പെട്ട് രണ്ടു പേർ ഫെനിയെ സമീപിച്ചിരുന്നെന്ന ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സുനിക്ക് സഹായം ചോദിച്ചെത്തിയവർ ഫീസടക്കമുള്ള കാര്യങ്ങൾ ‘മാഡ’ത്തോട് ചോദിച്ചിട്ട് പറയാമെന്നും ഫെനിയോട് പറഞ്ഞിരുന്നു. ഇക്കാര്യം ഫെനി ദീലീപിനോട് വ്യക്തമാക്കിയിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ്, ഇതുവരെ അന്വേഷണ പരിധിയിൽ വരാതിരുന്ന സ്ത്രീയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നത്.
നടൻ ദിലീപിനെ കേസുമായി ബന്ധപ്പട്ട് പോലീസ് കഴിഞ്ഞദിവസം 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇനിയും ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. താരസംഘടനയായ അമ്മയുടെ വാർഷിക യോഗത്തിൽ ദിലീപിനെ ഭൂരിഭാഗം താരങ്ങളും പിന്തുണച്ചിരുന്നു. ഇതിൽ വനിതാ താരങ്ങളുടെ സംഘടന അതൃപ്തിയും അറിയിച്ചു. ദിലീപിനെ പിന്തുണച്ച് സംസാരിച്ച ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിനെതിരെയും മുകേഷിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇടത് പാർട്ടികൾ പോലും ഇവരുടെ നിലപാടിനെതിരെ രംഗത്തെത്തി.
ഇതിനിടെ എഡിജിപി സന്ധ്യ മാത്രം കേസ് അന്വേഷിക്കേണ്ടെന്ന സെൻകുമാറിന്റെ സർക്കുലർ ഏതു സാഹചര്യത്തിലാണെന്നത് പരിശോധിക്കുമെന്ന് സ്ഥാനമേറ്റ പോലീസ് മേധാവി ലോകനാഥ് ബെഹ്റ പറഞ്ഞു. ഉദ്യോഗസ്ഥർ ഒരുമിച്ച് അന്വേഷണം നടത്തണമെന്ന പരാമർശം സെൻകുമാറിന്റെ അഭിപ്രായമാണ്. ഒരു പോലീസ് മേധാവി എന്ന നിലയിൽ അദ്ദേഹത്തിന്റെ വീക്ഷണത്തെ ബഹുമാനിക്കണം. നടിയുടെ കേസിൽ താൻ നിയോഗിച്ച ടീമിൽ സെൻകുമാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. വളരെ അനുഭവ സമ്പന്നരായ ടീമാണ് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കും. നടൻ ദിലീപ് മുൻപ് തനിക്ക് തന്ന പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അവർ അത് അന്വേഷിക്കും. അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിച്ചാലേ വ്യക്തമാവൂയെന്നും ബെഹ്റ പറഞ്ഞു.വിരമിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും എഡിജിപി ബി. സന്ധ്യക്കെതിരെ പരാമർശം നടത്തിയും വ്യക്തമാക്കി സെൻകുമാർ സർക്കുലർ പുറത്തിറക്കി.
ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്രകശ്യപാണ് അന്വേഷണ സംഘത്തലവനെന്നും അദ്ദേഹവുമായി കൂടിയാലോചിച്ചു നടപടികൾ എടുത്താൽ മതിയെന്നും സന്ധ്യയെ സെൻകുമാർ ഓർമിപ്പിക്കുന്നു. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ടുപോകുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെൻകുമാറിന്റെ നടപടി. ദിനേന്ദ്രകശ്യപിനോട് അന്വേഷണ വിവരം തിരക്കിയപ്പോൾ അദ്ദേഹത്തിന് കേസിനെപ്പറ്റി കാര്യമായ ഒരു ധാരണയുമില്ലായിരുന്നു. അന്വേഷണ വിവരങ്ങൾ സന്ധ്യ, കശ്യപുമായി ചർച്ച ചെയ്യുന്നില്ലെന്നും വ്യക്തമായി. വിവരങ്ങൾ പുറത്തുപോകുന്നതും സെൻകുമാറിന്റെ അതൃപ്തിക്കിടയാക്കി. ഇതോടെയാണ് സർക്കുലർ പുറത്തിറക്കിയത്.
ദിനേന്ദ്രകശ്യപിനു പുറമെ, കൊച്ചി റേഞ്ച് ഐജി പി. വിജയൻ, എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണ മേൽനോട്ട ചുമതല ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യയ്ക്കും. എന്നാൽ, ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത വേളയിൽ കശ്യപോ ഉന്നത ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല.അതേസമയം, അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയെന്നത് ശരിയല്ലെന്നും സത്യം പുറത്തുകൊണ്ടുവരാൻ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും സെൻകുമാർ പറഞ്ഞു.