നടിയെ പീഡിപ്പിച്ച സംഭവം വഴിത്തിരിവില്‍; സൂപ്പര്‍സ്റ്റാറിനെ പോലീസ് ചോദ്യം ചെയ്തു; നടന്റെ ഫ്‌ളാറ്റില്‍ നിന്ന് ഒരാള്‍ പിടിയില്‍

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ നടനെ വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് നടന്‍ ആവര്‍ത്തിച്ചെങ്കിലും പോലീസ് ഇത്മുഖവില ക്കെടുത്തിട്ടില്ല. ഇതിനിടിയില്‍ കാക്കനാട്ടെ ഈ നടന്റെ ഫ്‌ളാറ്റില്‍ നിന്നും സംഭവവുമായി ബന്ധമുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേസിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ മൊഴിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. സിനിമാ രംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗിക്കുന്നതായി നടന്‍ കുറ്റപ്പെടുത്തി മൊഴി നല്‍കിയെന്നും സൂചനയുണ്ട്. സംഭവദിവസം ചികിത്സയിലായിരുന്ന താന്‍ പിറ്റേന്നു രാവിലെയാണു കാര്യം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുനി, അറസ്റ്റിലായ മാര്‍ട്ടിന്‍ എന്നിവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണു വിവരം. ഇതിനിടെ, സംവിധായകന്‍ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്‌ലാറ്റില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസ് അന്വേഷണത്തിന്റെ എല്ലാ വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് പൊലീസ്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. അതിനിടെ കേസില്‍പ്പെട്ട സിനിമാ നടന്‍ രക്ഷപ്പെടുമെന്ന ആശങ്കയും സജീവമാണ്. വസ്തുവിനേയും കാശിനേയും ചൊല്ലിയുള്ള തര്‍ക്കമാണ് നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ കഴിയുന്ന സുനി, വി.പി.വിജീഷ് എന്നിവര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സുനി അറസ്റ്റിലായതായി വിവരമുണ്ടെങ്കിലും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരയായ നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലെ ഫൊറന്‍സിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങള്‍, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാല്‍ ആക്രമണം നടന്ന അന്നു രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്നു പുലര്‍ച്ചെ നാലിനാണു നടിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചത്. ഇത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് വിശദാംശങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നത്. സംഭവത്തിന്റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. അപാകതകള്‍ മൂലം അന്തിമ റിപ്പോര്‍ട്ട് ഇതുവരെ പൊലീസിനു കൈമാറിയട്ടില്ല. ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനകം നടത്തിയാല്‍ മാത്രം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്ന പല പരിശോധനകളും എട്ടു മണിക്കൂറിനു ശേഷമാണു ചെയ്തത്. ഇതു ഡിഎന്‍എ പരിശോധനാ ഫലത്തെ ബാധിക്കും.

നടിയെ കാറില്‍ ഉപദ്രവിച്ച കേസില്‍ ക്വട്ടേഷന്‍ സാധ്യതകള്‍ തെളിയുന്ന മൊഴികളാണ് അറസ്റ്റിലായ പ്രതികള്‍ നല്‍കുന്നത്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാനുള്ള നീക്കമായാണു മുഖ്യപ്രതി സുനി സംഭവത്തെ അവതരിപ്പിച്ചതെന്ന് അറസ്റ്റിലായ മണികണ്ഠന്‍ മൊഴി നല്‍കി. എന്നാല്‍ കാറിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ നടുക്കിയെന്നും മുന്‍കൂട്ടി പദ്ധതിയിട്ട ക്വട്ടേഷന്‍ അതിക്രമമാണെന്നു മനസ്സിലാക്കാന്‍ വൈകിയെന്നും മണികണ്ഠന്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കു വേണ്ടിയാണു സുനില്‍കുമാര്‍ അതിക്രമം കാണിച്ചതെന്ന് അറിയില്ലെന്നാണു മണികണ്ഠന്റെ മൊഴി.

സിനിമാരംഗത്തെ പലരുമായും സുനില്‍കുമാറിന് അടുത്ത ബന്ധമുണ്ട്. ഇയാള്‍ യാത്രകളില്‍ കൈത്തോക്കു കൈവശം സൂക്ഷിക്കാറുണ്ട്. സിനിമാരംഗത്തെ പ്രമുഖരുടെ ഡ്രൈവറായും ബോഡി ഗാര്‍ഡായും സുനില്‍കുമാര്‍ പോവാറുണ്ട്. ആക്രമണത്തിന് ഇരയായ നടി അഭിനയിച്ചിരുന്ന മലയാളം സിനിമയുടെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന വാഹനത്തില്‍ കണ്ടെത്തിയ വെളുത്ത പൊടിയുടെ അവശിഷ്ടം രാസപരിശോധനയ്ക്ക് അയയ്ക്കും. വാഹനത്തില്‍ നിന്നു ലഭിച്ച മുടിനാരുകള്‍ പ്രതികളുടേതാണെന്നു വ്യക്തമായിട്ടുണ്ട്. ഇന്നലെ ആലുവയ്ക്കു സമീപം ദേശീയപാതയില്‍ പൊലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ചു കടന്നത് ഈ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളാണെന്നു പൊലീസിനു സംശയമുണ്ട്. കാര്‍ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യും.

യാത്ര ചെയ്ത കാറിന്റെ വിവരം കേസിലെ മുഖ്യപ്രതി നെടുവേലിക്കുടി സുനില്‍കുമാറിനു ചോര്‍ത്തിയതു സിനിമാ നിര്‍മ്മാണ കമ്പനിയുടെ ജീവനക്കാരനാണെന്ന സംശയം ബലപ്പെടുന്നു. അറസ്റ്റിലായ മാര്‍ട്ടിന്റെ മൊഴികളിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്. നടി സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞ് ആദ്യം ഇടിച്ചുകയറിയത് അറസ്റ്റിലായ മണികണ്ഠന്‍ അടക്കമുള്ള പ്രതികളാണ്. ഇവര്‍ കയറി കാര്‍ കുറച്ചുദൂരം പിന്നിട്ടപ്പോഴാണു മുഖ്യപ്രതി കാറില്‍ കയറി ഉപദ്രവിക്കാന്‍ തുടങ്ങിയത്.

Top