കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. നടിയുടെ വാഹനത്തെ പ്രതികളുടെ വാഹനം പിന്തുടരുന്ന ദൃശ്യം പൊലീസിനു ലഭിച്ചത്. നടിയെ പ്രതികള്‍ പിന്തുടര്‍ന്നിരുന്നുവെന്ന് തെളിയിക്കാന്‍ ഈ ദൃശ്യങ്ങള്‍ സഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇടയ്‌ക്കൊരു സ്ഥലത്ത് വച്ച് പ്രതികള്‍ വാഹനത്തില്‍നിന്നും പുറത്തിറങ്ങി വെളളം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
നടിയെ ആക്രമിച്ചശേഷം പ്രതികളായ മണികണ്ഠനും വിജീഷും പള്‍സര്‍ സുനിയും അമ്പപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. ഇവിടെനിന്നും കായംകുളത്തേക്കു പോയി. ഇവിടെ മാല പണയംവച്ചശേഷം അങ്കമാലി കറുകുറ്റിയിലെത്തി അഭിഭാഷകനെ കണ്ടു. കേസിന്റെ വക്കാലത്ത് ഏല്‍പ്പിച്ച ശേഷം കോയന്പത്തൂര്‍ പീളമേട്ടിലേക്കു കടന്നു. ഇവിടെവച്ചു മണികണ്ഠന്‍ വഴിപിരിഞ്ഞു. പിന്നീട് പള്‍സര്‍ സുനിയും വിജീഷും വാഗമണ്ണിലേക്കു പോയി. പ്രതികള്‍ കോടതിയില്‍ കീഴടങ്ങാനെത്തുന്നതിനു തലേദിവസം കോലഞ്ചേരിയിലെ ഒരു കെട്ടിടത്തിനു മുകളിലാണ് പ്രതികള്‍ കഴിച്ചു കൂട്ടിയതെന്നും പൊലീസ് പറഞ്ഞിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍നിന്നുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യം.
ഇന്നലെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അന്വേഷണ സംഘം അന്പലപ്പുഴ കക്കാഴത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെനിന്നും മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തിരുന്നു. സുനിയുടെ സുഹൃത്ത് മനുവിന്റെ വീടാണിത്.