അമല്‍ നീരദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രമാണ് സിഐഎ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നടി ചാന്ദ്‌നിയും എത്തിയിരുന്നു. സിനിമയുടെ ഒട്ടുമിക്ക സീനുകളും ചിത്രീകരിച്ചത് യുഎസില്‍ വെച്ചായിരുന്നു. അഭയാര്‍ത്ഥികളുടെ കടന്നുകയറ്റവും വിസ പ്രശ്‌നവും നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിങിനിടെ ദുല്‍ഖറിനെയും സംഘത്തെയും പൊലീസ് പിടിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്നത്തെ പേടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് ചാന്ദ്‌നി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ചാന്ദിനിയുടെ വാക്കുകള്‍;
ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ഗാംഭീര്യം തോന്നാറുണ്ട്. എന്നാല്‍ ആ വ്യക്തികള്‍ വളരെ നിസാരക്കാരാണ്. അവര്‍ താരപദവിയൊന്നും ഉപയോഗിക്കാതെയാണ് മറ്റുള്ളവരോട് പെരുമാറുന്നത്. അതുകൊണ്ടാണ് എപ്പോഴും സ്റ്റാര്‍ ആയി തിളങ്ങുന്നത്. സിഐഎ ചിത്രത്തില്‍ ഞാനുള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിച്ചത് യുഎസിലായിരുന്നു. എല്ലാവരുടെയും താമസം ഒരേ സ്ഥലത്തായിരുന്നു. ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് ആയാല്‍ എല്ലാവരും ഒന്നിക്കാറുണ്ട്.
അപ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന വ്യക്തി ഭയങ്കര ഭക്ഷണപ്രിയനാണെന്ന് മനസ്സിലായത്. ദിവസവും ഷൂട്ടിങിന്റെ ഇടയിലാണെങ്കിലും ഷൂട്ട് കഴിഞ്ഞാണെങ്കിലും പുതിയതരം ഭക്ഷണരീതി പരീക്ഷിക്കും. കുറേ വിഭവങ്ങള്‍ ഞങ്ങള്‍ കഴിച്ചു. സംവിധായകന്‍ അമല്‍ നീരദിന് അത് ഇഷ്ടമായോ എന്ന് അറിയില്ല. യുഎസ് ബോര്‍ഡറിന് അടുത്തായിരുന്നു ചിത്രീകരണം. അവിടെ യഥാര്‍ത്ഥത്തില്‍ കുറേ പൊലീസുകാര്‍ ഉണ്ടായിരുന്നു.
ആരെ കണ്ടാലും ഉടന്‍ തന്നെ ഗണ്‍ പുറത്തെടുക്കും. അന്ന് ഞാന്‍ ഉണ്ടായിരുന്നില്ല. അവര്‍ കാറില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ദുല്‍ഖര്‍, ജോണ്‍വിജയ് എന്നിവര്‍ക്കൊപ്പം ക്യാമറാമാനും ഉണ്ട്. ക്യാമറ ദുല്‍ഖറിനെ പോയിന്റ് ചെയ്ത് സെറ്റ് ചെയ്തിരിക്കുകയായിരുന്നു. യഥാര്‍ത്ഥ പൊലീസിന് അതൊരു ഗണ്‍ ആയാണ് തോന്നിയത്. പെട്ടെന്ന് കുറേ പൊലീസ് വാഹനങ്ങള്‍ വന്ന് കാറിന് ചുറ്റും കൂടി. വലിയ പ്രശ്‌നമായി. എല്ലാവരും ഗണ്‍ ഉയര്‍ത്തി.
സിനിമയുടെ ഷൂട്ടിംഗാണെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കുറേ പാടുപെട്ടു. ശരിക്കും അപകട ഘട്ടമായിരുന്നു. അവര്‍ക്ക് സംശയം തോന്നിയാല്‍ വെടിവയ്ക്കാനുള്ള പെര്‍മിഷന്‍ ഉണ്ട്. ഭാഗ്യത്തിന് ആര്‍ക്കും ഒന്നും പറ്റിയില്ല.