കൊച്ചി :നടിയുടെ കാറിന് മുന്നില്‍ മൂത്രമൊഴിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീലം പറയുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തി നടിയും മോഡലുമായ മൊണാല്‍ ഗജ്ജാര്‍ നല്‍കിയ പരാതിയില്‍ കമലേഷ് പട്ടേല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് അശ്ലീലപ്രദര്‍ശനം നടത്തുക, സ്ത്രീകളോട് മോശം വാക്കുകള്‍ ഉപയോഗിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഗുജറാത്തിലെ യൂണിവേഴ്‌സിറ്റി പോലീസ് കേസെടുത്തത്.
ബന്ധുവിന്റെ ബ്യൂട്ടി പാര്‍ലറില്‍ പോകാനായി അഹമ്മദാബാദിലെ ഗുല്‍ബായ് ടെക്രയില്‍ എത്തിയതായിരുന്നു വിനയന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഡ്രാക്കുളയിലെ നായികയായ മൊണാല്‍. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടപ്പോഴാണ് കമലേഷ് അതിന് മുന്നില്‍ നിന്ന് മൂത്രമൊഴിച്ചത്. മൊണാല്‍ പലതവണ ഹോണടിച്ചെങ്കിലും കമലേഷ് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.
അതിനുശേഷം കാറിനടുത്ത് വന്ന കമലേഷ് മൊണാലിനോട് എന്തിനാണ് ഹോണടിച്ചതെന്ന് ചോദിച്ച് തട്ടിക്കയറുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ മൊണാലിനെ അസഭ്യം പറയുകയായിരുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാനും ഇല്ലെങ്കില്‍ ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുമെന്നും പറഞ്ഞ മൊണാലിനോട് നീ എന്ത് വേണമെങ്കിലും ചെയ്തോ എന്നായിരുന്നു കമലേഷിന്റെ മറുപടി.
തുടര്‍ന്ന് മൊണാല്‍ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഗുജറാത്തി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് മൊണാല്‍ കൂടുതലായും അഭിനയിച്ചിട്ടുള്ളത്.