അഭിനയത്തില്‍ മാത്രമല്ല, പഠിപ്പിലും പുലിയാണ് ഗൗതമി

ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് ഗൗതമി നായര്‍. പിന്നീട് തന്റെ കന്നി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിക്കുകയും ചെയ്തു ഗൗതമി. ഇടയ്ക്ക് സിനിമയ്ക്കുവേണ്ടി പഠനത്തിന് അവധി നല്‍കിയിരുന്ന ഗൗമതി ഇപ്പോള്‍ വെള്ളിത്തിരയിലെപ്പോലെ പരീക്ഷയിലും മിന്നുന്ന താരമായിരിക്കുകയാണ്. കേരള സര്‍വകലാശാലയുടെ എം.എസ്.സി. സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണ് ഗൗതമി വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഗൗതമി 1800ല്‍ 1456 മാര്‍ക്ക് നേടിയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. അതേ കോളേജിലെ കൃപ ദിന മാത്യൂസിനാണ് ഒന്നാം റാങ്ക്. 1515 മാര്‍ക്കാണ് കൃപ നേടിയത്. പാര്‍വതി ഗിരീഷ് മൂന്നാം റാങ്കും സ്വന്തമാക്കി. പി.എച്ച്.ഡി കരസ്ഥമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിന് നല്‍കിയ മറുപടിയില്‍ ഗൗതമി പറഞ്ഞു.

Top