ചെന്നൈ :വേര്‍പിരിഞ്ഞുകഴിയുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യം ഉന്നയിച്ച് നടി രംഭ ഹര്‍ജി . ചെന്നൈ രണ്ടാം അഡിഷണല്‍ കുടുംബ കോടതിയിലാണ് രംഭ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ഒന്‍പത് അനുസരിച്ചാണ് രംഭ ഹര്‍ജി നല്‍കിയത്. രംഭയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.താരങ്ങള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ മത്സരിക്കുന്ന കാലത്ത് വേറിട്ടൊരു ഹര്‍ജിയുമായി നടി രംഭ എത്തിയിരിക്കുന്നത് കൗതുകം ഉണര്ത്തിയിരിക്കയാണ്.
കാനഡയിലെ ബിസിനസുകാരനായ ഭര്‍ത്താവ് ഇന്ദിരന്‍ പത്മനാഭനുമായി ഏതാനും നാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു, ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ ലോകം അടക്കിവാണ, രംഭ. 2010ലാണ് രംഭ ഇന്ദ്രന്‍ പത്മനാഭനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ച് രംഭയും ഏറെനാള്‍ കാനഡയിലെ ടൊറന്റോയിലായിരുന്നു.
ആന്ധപ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ യഥാര്‍ഥ പേര് വിജയലക്ഷ്മി എന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അമൃത എന്ന പേരില്‍ ഹരിഹരന്റെ സര്‍ഗത്തിലൂടെയാണ് ആദ്യമായി മലയാളത്തില്‍ എത്തിയത്. മമ്മൂട്ടിയുടെയും ദിലീപിന്റെയും ജയറാമിന്റെയുമെല്ലാം നായികയായി ഒന്‍പത് ചിത്രങ്ങളില്‍ അഭിനയിച്ചു. സഞ്ജീവ് രാജിന്റെ ദിലീപ് ചിത്രമായ ഫിലിംസ്റ്റാറായിരുന്നു അവസാന ചിത്രം.