പ്രശസ്ത ഫോട്ടോഗ്രാഫര്‍ ടാബൂ രത്തനാനിയുടെ കലണ്ടര്‍ ലോഞ്ച് കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് നടന്നിരുന്നു. ബോളിവുഡ് താരങ്ങളടക്കം ഒട്ടനവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ബോളിവുഡിന്റെ നിത്യഹരിത നായിക രേഖയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ക്യാമറയ്ക്ക് മുന്‍പില്‍ പോസ് ചെയ്ത് നിന്ന രേഖയുടെ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി ചിരിച്ച് പോസ് ചെയ്ത രേഖ പെട്ടന്ന് പിറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലേക്ക് തിരിഞ്ഞു നോക്കി.
സാക്ഷാല്‍ അമിതാഭ് ബച്ചന്റെ ചിത്രമായിരുന്നു രേഖയ്ക്ക് തൊട്ടുപിറകില്‍ ഉണ്ടായിരുന്നത്. ഫോട്ടോ കണ്ട് ഒരു മാത്ര ശങ്കിച്ച് നിന്ന് രേഖ അവിടെ നിന്ന് തിടുക്കപ്പെട്ട് ഓടിപ്പോകുന്നതും കാണാം. എന്തായാലും ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബച്ചനും രേഖയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഒരു കാലത്ത് ശക്തമായിരുന്നു. സില്‍സില, സുഹാഗ്, ദോ അഞ്ചാനെ എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇവര്‍ നായകനും നായികയുമായി വേഷമിട്ടിട്ടുണ്ട്.
എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി രേഖയും ബച്ചനും തമ്മില്‍ അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാരിയും സിന്ദൂരക്കുറിയൊന്നുമില്ലാതെ കറുത്ത നിറത്തിലുള്ള പാശ്ചാത്യ വസ്ത്രവും സണ്‍ ഗ്ലാസും വച്ചാണ് രേഖ രത്തനാനിയുടെ കലണ്ടര്‍ ലോഞ്ചിനെത്തിയത്. രേഖയ്ക്ക് പുറമെ ഐശ്വര്യ റായ്, ബച്ചന്‍, ശ്രദ്ധാ കപൂര്‍, സോനാക്ഷി സിന്‍ഹ, ഹൃത്വിക് റോഷന്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, സണ്ണി ലിയോണ്‍ തുടങ്ങിയ താരങ്ങളും കലണ്ടര്‍ ഷൂട്ടില്‍ സഹകരിച്ചിട്ടുണ്ട്.