ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നായികയായിരുന്നു സലീമ. നഖക്ഷതങ്ങള്‍, ആരണ്യകം തുടങ്ങി മലയാളി ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്ന ഒരു പിടി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ നിത്യസാനിധ്യമാകാന്‍ സലീമയ്ക്കായി.വര്‍ഷങ്ങള്‍ക്കിപ്പുറം സലീമ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. രണ്ട് മലയാളചിത്രങ്ങളില്‍ നടി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരുടെ മടങ്ങി വരവ്. മടങ്ങിവരവില്‍ ജീവിതത്തിലെ മറ്റൊരു സുന്ദരനിമിഷം സലീമയെ തേടിയെത്തി. 1988ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. നടന്‍ ദേവന്റെയും സലീമയുടെയും പ്രകടനമായിരുന്നു ചിത്രത്തിന്റെ പ്രധാനആകര്‍ഷണം.
ആരണ്യകത്തിലെ പ്രിയ താരങ്ങള്‍ കാലത്തിന്റെ മാജിക്കിനിപ്പുറം മുന്തിരി മൊഞ്ചന്‍ എന്ന സിനിമയില്‍ ഒന്നിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത നിമിഷങ്ങളായി മാറി.നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിലൂടെയാണ് ദേവനും സലീമയും 29 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചെത്തിയത്. ചിത്രത്തില്‍ ദമ്പതികളായാണ് ഇരുവരും എത്തുന്നത്. 1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.പിന്നീട് തെലുങ്ക്, തമിഴ്, മലയാളം എന്നിവയിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
മമ്മൂട്ടി നായകനായി എത്തിയ മഹായാനത്തിനു ശേഷം സലീമ സിനിമയില്‍ നിന്നും ബിസിനസ്സുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടും സിനിമയില്‍ നിന്ന് മാറി നിന്നു. രണ്ടാം വരവില്‍ ദേവനൊപ്പം അഭിനയിക്കുന്നു എന്നതാണ് നടിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാരണം. പൂര്‍ണമായും റൊമാന്റിക് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെട്ട സിനിമയായിരിക്കും മുന്തിരി മൊഞ്ചനെന്ന് വിജിത്ത് നമ്പ്യാര്‍ പറയുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.