അസുഖം അറിഞ്ഞതോടെ നിശ്ചയിച്ച വിവാഹം മുടങ്ങി; പിന്നീട് ഫെയ്‌സ്ബുക്കിലൂടെ ഇപ്പോഴെന്താ അഭിനയിക്കുന്നില്ലേയെന്ന ചോദ്യവുമായി ഒരാളെത്തി; ശരണ്യ പറയുന്നു

സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശരണ്യ. ബ്രെയിന്‍ ഡ്യൂമര്‍ ബാധിച്ച നടി പിന്നീട് ചികിത്സയ്ക്കായി സമയം മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ, ആരോഗ്യം വീണ്ടെടുത്ത് ശരണ്യ വീണ്ടും മിനി സ്‌ക്രീനിലെത്തിയിരിക്കുകയാണ്. താരജോഡികള്‍ ഒന്നിക്കുന്ന പരിപാടിയില്‍ ശരണ്യയ്ക്ക് വന്‍വരവേല്‍പ്പാണ് മറ്റുള്ളവര്‍ നല്‍കിയത്. അസുഖ ബാധിത സമയത്ത് നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും ഫെയ്‌സ്ബുക്കിലൂടെ ബിനുവിനെ പരിചയപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്തുവെന്ന് ശരണ്യ വെളിപ്പെടുത്തി. ”ഗുളികയില്‍ ഒതുങ്ങുമെന്നുള്ള വിശ്വാസത്തിലായിരുന്നു. എന്നാല്‍ സ്‌കാനിങ്ങിന് ശേഷമാണ് അസുഖത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമായത്. അസുഖത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഉറപ്പിച്ചുവെച്ച കല്യാണവും ഇല്ലാതായി. വീണ്ടും അസുഖം വരുമോയെന്ന ഭയമായിരുന്നു ആ പിന്‍മാറ്റത്തിന് പിന്നില്‍.  അസുഖവുമായി ബന്ധപ്പെട്ട് ചികിത്സ നടക്കുന്നതിനാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സമയമായിരുന്നു അത്. അതിനിടയിലാണ് ഫെയ്‌സ്ബുക്കിലൂടെ ഇപ്പോഴെന്താ അഭിനയിക്കുന്നില്ലേയെന്ന ചോദ്യവുമായി ഒരാളെത്തിയത്. ഫെയ്‌സ്ബുക്കിലൂടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ബിനു നേരിട്ട് കാണാനുമെത്തി. ആ സമയത്ത് വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കണമോയെന്ന ആശങ്ക എന്നെ അലട്ടിയിരുന്നു. അസുഖവുമായി മല്ലിടുന്ന എന്നെ കണ്ടപ്പോള്‍ ബിനു നല്‍കിയ പിന്തുണയായിരുന്നു ജീവിതത്തില്‍ ഏറെ സന്തോഷകരമായി തോന്നിയത്. അമ്മയും ബിനുവും നല്‍കിയ പിന്തുണയാണ് ഇവിടെ എത്തിച്ചത്.” ശരണ്യ പറഞ്ഞു. ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന ബിനുവിന് വേണ്ടിയാണ് താന്‍ നൃത്തം ചെയ്യുന്നുവെന്ന് പറഞ്ഞ് കോഹിനൂര്‍ എന്ന സിനിമയിലെ ഹേമന്തമെന്‍ എന്ന ഗാനത്തിന് ഇരുവരും ചുവടുവെച്ചു. കണ്ണൂര്‍ക്കാരിയായ ശരണ്യ, 2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ‘സൂര്യോദയം’ എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടര്‍ന്ന് മന്ത്രകോടി, രഹസ്യം, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

Top