ദേഹീദേഹങ്ങളെ ലയിപ്പിച്ച് ശ്രീവിദ്യ പ്രണയിച്ചത് മലയാളികളുടെ പ്രിയ സംവിധായകനെ..!! വെളിപ്പെടുത്തലുമായി അടുത്ത സുഹൃത്തായ ജോണ്‍പോള്‍

മണ്‍മറഞ്ഞുപോയിട്ടും മലയാളികളുടെ മനസില്‍നിന്നും മായാത്ത താരമാണ് നടി ശ്രീവിദ്യ. യുവനടിയായി എത്തി മലയാളികളുടെ മനസ് നിറച്ച അമ്മ വേഷത്തില്‍ തിളങ്ങിയാണ് ശ്രീവിദ്യ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. നാല് പതിറ്റാണ്ടുകള്‍ നീണ്ട ശ്രീവിദ്യയുടെ സിനിമാ ജീവിതം എന്നും വിവാദങ്ങളില്‍ നിറഞ്ഞുനിന്നു.

ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ പലപ്പോഴും ജീവിതം അവരെ നോക്കി മന്ദഹസിച്ചു. ശ്രീവിദ്യയുമായി ഏറ്റവുമധികം ചേര്‍ത്തുവായിച്ച പേര് നടന്‍ കമലഹാസന്റേതായിരുന്നു. എന്നാല്‍ കമലഹാസനല്ല ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാര്‍ത്ഥമായി പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് സംവിധായകന്‍ ഭരതനോട് മാത്രമായിരുന്നെന്ന് പറയുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍പോള്‍. ഒരു സ്വകാര്യ ചാനലിലാണ് ശ്രീവിദ്യയും ഭരതനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങള്‍ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവര്‍ഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.

ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങള്‍ക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊര്‍ജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടുതന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീര്‍ന്നത്’.

2006 ഒക്ടോബര്‍ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അര്‍ഹയായിരുന്നു. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അഭിനയപ്രതിഭയെ ഒടുവില്‍ അര്‍ബുദം എന്ന മഹാവ്യാധി കവര്‍ന്നെടുക്കുകയായിരുന്നു.

Top