ദുബായ്: നടി ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ദുബായില്‍ ബോളിവുഡ് നടന്‍ മോഹിത് മാര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണ വിവരം സ്ഥിരീകരിച്ചു.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 26ഓളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ സിനിമയിലെ വളര്‍ച്ച അതിവേഗമായിരുന്നു. മലയാളത്തോടൊപ്പം തമിഴ് സിനിമകളിലും അഭിനയിച്ച ശ്രീദേവി ഹിന്ദി സിനിമയിലും ചുവടുറപ്പിച്ചു. 1990 കളുടെ തുടക്കത്തില്‍ ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി ഉയര്‍ന്നു. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സീറോയാണ് അവസാനമായി അഭിനയിച്ച ചിത്രം.