മുഖം നോക്കാതെ നടപടിയെന്ന് എകെ ബാലന്‍; വടക്കാഞ്ചേരി പീഡന കേസ് അട്ടിമറിയ്ക്കാന്‍ വനിതാ അഭിഭാഷകയും കൂട്ടുനിന്നെന്ന് അനില്‍ അക്കര എംഎല്‍എ നിയമസഭയില്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നിയമ മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷത്തു നിന്ന് അനില്‍ അക്കരെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഈ പീഡനം സംബന്ധിച്ച പരാതി നേരത്തെ തന്നെ വന്നതാണെന്നും അന്ന് പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അനില്‍ അക്കരെ ആരോപിച്ചു. 2013 ആഗസ്ത് 13 ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കേസ് ഒതുക്കുകയായിരുന്നു.സിപിഎം ആഭിമുഖ്യമുള്ള വടക്കാഞ്ചേരിയിലെ ഒരു വനിതാ അഭിഭാഷകയും മൂന്ന് സിപിഎം കൗണ്‍സിലംഗങ്ങളും ചേര്‍ന്ന് കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു. അതിന് പോലീസിന്റെ ഭാഗത്തു നിന്ന് സഹായം ഉണ്ടായെന്നും അനില്‍ അക്കരെ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ കേസന്വേിക്കുന്ന ഗുരുവായൂര്‍ എസിപിക്ക് അടക്കം ഇക്കാര്യങ്ങള്‍ അറിവുള്ളതാണെന്നും തൃശൂര്‍ റേഞ്ച് ഐജി അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും എഡിജിപി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ കേസന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം ഗൗരവമായി പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എകെ ബാലന്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. പ്രതികളുടെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അനില്‍ അക്കരെയ്ക്ക് കേസന്വേഷിക്കുന്ന ഗുരുവായൂര്‍ എസിപിക്ക് മുന്നില്‍ പറയാമെന്ന മന്ത്രിയുടെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി. സഭയിലെ ഒരംഗം ഉത്തരവാദിത്വത്തോടെ ഒരു കാര്യം പറയുമ്പോള്‍ അതിനെ നിസാരമായി കാണുന്ന മന്ത്രിയുടെ നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Top