ആദാനിയെ തൊട്ടു: അരുൺ ജെയ്റ്റ്‌ലി തെറിക്കും; മോദിയുടെ വിശ്വസ്തർ ധനമന്ത്രിസ്ഥാനത്തേയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കള്ളപ്പണ വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടികൾ തുടരുന്നതിനിടെ അദാനിയുടെ സമ്പത്ത് സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയ്ക്കു സ്ഥാനം തെറിക്കുമെന്നു ഉറപ്പായി. ആദാനിയുടെയും അംബാനിയുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മോദിക്കു പ്രിയപ്പെട്ട രണ്ടു പേരുകളാണ് പകരം കേന്ദ്രമന്ത്രിസ്ഥാനത്തേയ്ക്കു പരിഗണക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയുടെ സമയത്തു തന്നെ ഇത്തരമൊരു അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഇതു സംബന്ധിച്ച സ്ഥിരീകരണം വന്നിരുന്നില്ല. ജയ്റ്റ്‌ലിയുടെ സ്ഥാനത്ത് കൽക്കരി വകുപ്പു മന്ത്രി പീയുഷ് ഗോയലിനെ കൊണ്ടുവരണമെന്നാണ് മോദിയുടെ ഇംഗിതം. റിസർബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്റെ പേരും പരിഗണനയിലുണ്ട് ധനമന്ത്രിയായിരുന്നുള്ള പ്രകടനം മോശമാണെന്ന പേരിലാണ് ഇപ്പോൾ ജെയ്റ്റ്‌ലിയുടെ സ്ഥാനം തെറിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മോദിയുടെ ഇഷ്ടക്കാരനായി ലാറ്ററൽ എൻട്രിയിലൂടെ ധനകാര്യം, പ്രതിരോധം എന്നീ രണ്ടു സുപ്രധാന വകുപ്പുകളുടെ ചുമതലയോടെയാണ് അരുൺ ജയ്റ്റ്‌ലി എൻഡിഎ മന്ത്രിസഭയിൽ ഇടം നേടുന്നത്. എന്നാൽ പുനഃസംഘടനയിലൂടെ പിന്നീട് പ്രതിരോധ വകുപ്പ് ജയ്റ്റ്‌ലിക്കു നഷ്ടമാവുകയും തത്സാനത്ത് മനോഹർ പരീക്കർ എത്തുകയും ചെയ്തിരുന്നു.

സാമ്പത്തിക മേഖലയിൽ അടിയന്തരമായി മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചില്ലെങ്കിൽ പൊതുജനത്തെ അഭിമുഖീകരിക്കുക ബുദ്ധിമുട്ടാകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബോധ്യം വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ധനകാര്യ മന്ത്രിയെന്ന നിലയിൽ പരാജയമായി മാറിയ അരുൺ ജയ്റ്റ്‌ലിക്ക് പകരം ഒരാളെ കുറിച്ചു മോദി ചിന്തിക്കുന്നതും. അഭിഭാഷകനെന്ന നിലയിൽ പേരെടുത്ത ജയ്റ്റ്‌ലിക്ക് ധനകാര്യം കൈകാര്യം ചെയ്യുന്നതിൽ പരിചയം പോര എന്നതും കോർപ്പറേറ്റ് ഇന്ത്യയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്നതും വസ്തുതയാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ അഗ്രഗണ്യനായ മൻമോഹൻ സിംഗിനെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ധനകാര്യ വകുപ്പിന്റെ താക്കോൽ ഏൽപ്പിച്ചത് പോലെയൊരു നടപടിക്കാണ് മോദിയും ഒരുങ്ങുന്നത്. ഏതു വിധേനയും റിസൽറ്റ് ഉണ്ടാക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം. അതേസമയം അബ്രാഹ്മണനായതിനാൽ ആർഎസ്എസിന്റെ കാര്യമായ പിന്തുണ ഗോയലിനില്ല. തന്നെയുമല്ല, അടിമുടി രാഷ്ട്രീയക്കാരനായ ഒരു വ്യക്തിയെക്കാൾ റാവുവിന്റെ പാത പിന്തുടർന്ന് ഒരു സാമ്പത്തികവിദഗ്ദ്ധനെ തന്നെ ആ സ്ഥാനത്തേക്കു കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ആലോചനയും ശക്തമാണ്. അങ്ങനെയെങ്കിൽ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ, സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടാം.

മോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഇന്ത്യൻ ധനകാര്യ മേഖല പറയത്തക്ക നേട്ടങ്ങളൊന്നും കൈവരിച്ചിട്ടില്ല. ചരക്കുസേവന നികുതി ബില്ലടക്കമുള്ള വിഷയങ്ങളിൽ ജയ്റ്റ്‌ലി സ്വീകരിച്ച മെല്ലെപ്പോക്കിനോട് മോദിക്ക് എതിർപ്പുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിഎസ്ടി ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ പ്രധാനമന്ത്രിക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലുപരി ജയ്റ്റ്‌ലിയുടെ ഭരണത്തിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിയിൽ എന്ത് മാറ്റം വന്നുവെന്ന ചോദ്യത്തിനും ഉത്തരമില്ല. ബിജെപിക്കുള്ളിലെ ജയ്റ്റ്‌ലി വിരുദ്ധർ ശക്തി പ്രാപിച്ചതും കാണാതിരുന്നുകൂടാ.

നരേന്ദ്ര മോദിയുടെ ആരോഹണത്തിൽ പ്രധാനപങ്കുവഹിച്ചയാളാണ് അരുൺ ജയ്റ്റ്‌ലി. ഡൽഹിയിലെ മാദ്ധ്യമവൃത്തങ്ങളിൽ ജയ്റ്റ്‌ലിയോളം പിടിയുള്ള വേറൊരു നേതാവ് ആ സമയത്ത് ബിജെപിയിൽ ഇല്ലായിരുന്നു. പാർട്ടിക്കുള്ളിലെ പോരാട്ടത്തിൽ അദ്വാനിയെ ഒതുക്കുന്നതിലും ജയ്റ്റ്‌ലി വഹിച്ച പങ്ക് അദ്വിതീയമാണ്. ഇതിനുള്ള ഉപകാരസ്മരണയായിരുന്നു ജയ്റ്റ്‌ലിക്കു ലഭിച്ച ഇരട്ടവകുപ്പുകൾ. എന്നാൽ പെർഫോമൻസ്, പെർഫോമൻസ്, പെർഫോമൻസ് എന്ന മന്ത്രവുമായി മുന്നോട്ടുപോകുന്ന മോദിക്ക് ഇപ്പോഴത്തെ നിലയിൽ ആ പിന്തുണയുടെ ആവശ്യമില്ല. ഡൽഹി സർക്കിളിൽ മോദി ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. പാർട്ടിയാവട്ടെ, തന്റെ ലഫ്റ്റനന്റ് ആയ അമിത് ഷായുടെ കൈയിൽ ഭദ്രമാണെന്നും മോദിക്കു നിശ്ചയമുണ്ട്. ഈ സാഹചര്യത്തിൽ ജയ്റ്റ്‌ലിയെ കൈവിടുന്നതുകൊണ്ട് മോദിക്കു നഷ്ടങ്ങളൊന്നുമില്ല. ലാഭമുണ്ടാവാൻ സാധ്യതയുണ്ടുതാനും.

തുടക്കത്തിൽ മോദി ജയ്റ്റ്‌ലിയോടു കാണിച്ചിരുന്ന മൃദുസമീപനത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് എന്നു വേണം മനസിലാക്കാൻ. പ്രധാനമന്ത്രിയാകുന്നതിനു തൊട്ട് മുൻപും അതിനു ശേഷവും ജയ്റ്റ്‌ലിയിലൂടെയാണു മോദി ഡൽഹിയെ തൊട്ടറിഞ്ഞിരുന്നത്. മോദിക്ക് വേണ്ടി മാധ്യമങ്ങളെയടക്കം കണ്ടിരുന്നതും കാര്യങ്ങൾ സംയോജിപ്പിച്ചിരുന്നതും ജയ്റ്റ്‌ലിയാണ്. അതേ ജയ്റ്റ്‌ലി ഭാവിയിൽ തനിക്കൊരു എതിരാളിയായി മാറുമോയെന്നു മോദി ഭയക്കുന്നു.

ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ സജീവമായി കേൾക്കുന്ന പേരുകൾ ഇപ്പോഴത്തെ കൽക്കരി വകുപ്പ് മന്ത്രി പിയുഷ് ഗോയലിന്റെയും മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെയുമാണ്.

നിയമജ്ഞനായ ജയ്റ്റ്‌ലിയെ ധനകാര്യ മന്ത്രിയാക്കിയതിൽ പല പ്രമുഖ നേതാക്കൾക്കും എതിർപ്പുണ്ടായിരുന്നു. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വമെടുത്തിരുന്ന പല തീരുമാനങ്ങളെയും മന്ത്രിയെന്ന നിലയിൽ ജയ്റ്റ്‌ലി എതിർത്തിരുന്നുവെന്നതും ഇവരുടെ അനിഷ്ടത്തിനു കാരണമായി. കൂനിൻ മേൽ കുരുവെന്ന പോലെ, സർക്കാരിന്റെ പല കമ്പോള സൗഹൃദ പരിപാടികളും നടപ്പാക്കുന്നതിൽ ജയ്റ്റ്‌ലി പരാജയപ്പെടുകയും ചെയ്തു.

രാജ്യത്തെ വ്യാവസായിക ഉത്പാദനം നാൾക്കുനാൾ കുറഞ്ഞു വരികയാണ്. എണ്ണ വില കുറഞ്ഞിട്ടും നാണയപ്പെരുപ്പം ഇപ്പോഴും ആറു ശതമാനത്തിൽ കൂടുതലാണ്. വളർച്ചയെ കുറിച്ചു സർക്കാർ പുറത്തു വിടുന്ന കണക്കുകൾ തെറ്റാണെന്നു സർക്കാരിന്റെ ഉള്ളിൽ നിന്നു തന്നെ അഭിപ്രായവുമുണ്ട്. തൊഴിലിലായ്മ പരിഹരിക്കാൻ വേണ്ട യാതൊരു നടപടിയും മന്ത്രാലയത്തിന്റെ കീഴിൽ നിന്നുമുണ്ടായിട്ടില്ല. നിക്ഷേപകരെ രാജ്യത്തിലേക്ക് ആകർഷിക്കാൻ വേണ്ട പദ്ധതികൾ രൂപികരിക്കുന്നതിലും ജയ്റ്റ്‌ലി പരാജയപ്പെട്ടു.

ഭരണനിർവ്വഹണത്തിൽ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ ഒരു കുറുമുന്നണിയുടെ അമിത ഇടപെടൽ ഉണ്ടാകുന്നു എന്ന പരാതി ആർഎസ്എസിനു കാര്യമായിട്ടുണ്ടായിരുന്നു. ആർഎസ്എസിനു പറയാനുള്ള കാര്യങ്ങൾ സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റുകളിലൂടെയാണ് പുറംലോകമറിഞ്ഞത്. കേന്ദ്ര സർക്കാരിന്റെ ധനകാര്യ ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം, മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ എന്നിവരായിരുന്നു ജയ്റ്റ്‌ലിയുടെ പ്രധാന അടുപ്പക്കാർ. കോൺഗ്രസ് നിയമിച്ച രഘുറാം രാജനെതിരെ ഒളിയമ്പുകൾ എയ്തതും അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അമേരിക്കൻ പക്ഷപാതിത്വത്തെക്കുറിച്ചു വാചാലനായതും സ്വാമിയാണ്. അപ്പോഴും ലക്ഷ്യം ജയ്റ്റ്‌ലി ആയിരുന്നു.

രഘുറാം രാജൻ ആർബിഐ ഗവർണർ സ്ഥാനത്ത് നിന്നും വിരമിച്ചയുടൻ സ്വാമി അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരെ ആഞ്ഞടിച്ചത് ജയ്റ്റ്‌ലി അദ്ദേഹത്തെ ആർബിഐ ഗവർണർ സ്ഥാനത്തേക്ക് കൊണ്ടു വരാതിരിക്കാൻ വേണ്ടിയാണ്. എന്നിട്ടും പീയുഷ് ഗോയൽ അല്ലെങ്കിൽ ഇവരിരുവരിൽ ഒരാൾ എന്ന് ആലോചിക്കുന്നതിൽ ചരിത്രത്തിന്റെ തനിയാവർത്തനം കാണാം.

പ്രണബ് മുഖർജി ധനകാര്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിനു കീഴിൽ ആർബിഐ ഗവർണർ ആയി ജോലി ചെയ്തിരുന്നയാളാണ് മൻമോഹൻ സിംഗ്. ഒരുപക്ഷെ ഗാന്ധി കുടുംബത്തിനെ തന്നെ രാഷ്ട്രീയത്തിൽ അപ്രസക്തരാക്കാൻ പോന്ന ബന്ധങ്ങൾ ഉണ്ടായിരുന്നയാൾ. രാജീവ് ഗാന്ധിയുടെ മരണശേഷം പ്രണബ് നേതൃത്വത്തിലെത്തുമെന്നു ധരിച്ചിരുന്ന കാലത്താണ് കരുണാകരൻ കിങ് മേക്കറാവുന്നതും പി വി നരസിംഹറാവു ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നതും. അന്ന് റാവു കണ്ടെത്തിയ ധനകാര്യമന്ത്രി മൻമോഹൻസിംഗ് ആയിരുന്നു. ശേഷം പ്രണബിനെ സൈഡ് ലൈൻ ചെയ്ത് സിംഗ് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തുന്നതും അദ്ദേഹത്തിന്റെ കീഴിൽ പ്രണബ് മന്ത്രിയായിരുന്നതും ഇന്ത്യ കണ്ടു. അദ്വാനിയെ കടപുഴക്കി കടന്നുവന്ന മോദി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായ ജയ്റ്റ്‌ലിയുടെ കീഴിൽ പണിയെടുത്ത രഘുറാം രാജനോ അദ്ദേഹത്തിന്റെ തന്നെ അടുക്കള സംഘത്തിലെ അംഗമായിരുന്ന അരവിന്ദ് സുബ്രഹ്മണ്യമോ ആ സ്ഥാനത്തേക്കു വരുന്നത് ജയ്റ്റ്‌ലിക്കു നൽകാവുന്ന കനത്ത പ്രഹരം കൂടിയാകും. ഇത്തരം സന്ദേശങ്ങളിൽകൂടിയുമാണ്, രാഷ്ട്രീയം പ്രവർത്തിക്കുന്നത്.

കൽക്കരി വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് പിയുഷ് ഗോയൽ വഹിച്ച പങ്കിൽ മോദിയും ബിജെപി നേതൃത്വവും തൃപ്തരാണ്. അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയുടേയും നേതൃപാഠവത്തിന്റെയും കാര്യത്തിൽ ആർക്കും സംശയമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉത്പാദനം വർദ്ധിപ്പിക്കാൻ പണിപ്പെടുകയായിരുന്നു, കോൾ ഇന്ത്യ. എന്നാൽ പീയുഷ് ഗോയൽ കാര്യങ്ങളെ കീഴ്‌മേൽ മറിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മികച്ച നിരക്കിൽ കൽക്കരി ഉത്പാദനം നടത്താൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ ഭരണനേട്ടമാണ്.

അനാവശ്യ വിവാദങ്ങളിലൊന്നും ചെന്നു പെടാതെ തന്റെ വകുപ്പിന്റെ ഉന്നമനത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന വിശ്വാസം മോദിക്കുണ്ട്. വിപണിയെ കുറിച്ചു കൃത്യമായ ബോധ്യവും ധനതത്ത്വശാസ്ത്രത്തിൽ അറിവുമുള്ളയാളാണ് ഗോയൽ എന്നതും അദ്ദേഹത്തിനെ കൂടുതൽ അനുയോജ്യനാക്കുന്നു.

ചരിത്രം പരിശോധിക്കുകയാണെങ്കിൽ മോദിയും രാജനുമായി സുഖകരമായ ബന്ധമല്ലാ ഉള്ളത്. രഘുറാം രാജന് കോൺഗ്രസുമായുള്ള അടുത്ത ബന്ധവും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും രാജ്യത്ത് സാമ്പത്തികമായി മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കുകയെന്നത് മോദിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അത്യാവശ്യമാണ്. ആ ലക്ഷ്യത്തിലേക്ക് അതിവേഗമെത്താൻ മോദിയും പാർട്ടിയും ചിലപ്പോൾ രാജനുമായി ഒരു സൗഹൃദത്തിനു തയ്യാറായേക്കും.

Top