
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആധാർ കാർഡിനെയും ട്രെയിൻ ടിക്കറ്റിനെയും തമ്മിൽ ബന്ധിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇതു സംബന്ധിച്ചുള്ള പ്രത്യേക വെബ് സൈറ്റ് എന്ന നിർദശവുമായി കേന്ദ്ര റയിൽവേ മന്ത്രാലയം കേന്ദ്ര പഴ്‌സണൽ മന്ത്രായത്തെ സമീപിച്ചിട്ടുണ്ട്. റയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ആധികാരികത രാജ്യത്തെ ഏറ്റവും വലിയ ബയോമെട്രിക് കാർഡ് വഴി ഇനി റയിൽവേ സ്‌റ്റേഷനുകളിൽ തന്നെ പരിശോധിക്കാൻ സാധിക്കും.
ഇന്ത്യൻ റയിൽവേയുടെ പാസഞ്ചർ ടിക്കറ്റിങ് സർവീസും ആധാറിന്റെ ഡേറ്റാ ബേസും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് റയിൽവേ തയ്യാറെടുക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആധാർ കാർഡ് നൽകിയില്ലെങ്കിലും യാത്രക്കാരുടെ വിവരങ്ങൾ അപ്പോൾ തന്നെ റയിൽവേയുടെ ടിക്കറ്റ് ബുക്കിങ് സെന്ററിലെ കംപ്യൂട്ടറിൽ ലഭിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്. വ്യാജമായി നൽകുന്ന അപേക്ഷകൾ അപ്പോൾ തന്നെ ടിക്കറ്റ് കൗണ്ടറിൽ വച്ചു തന്നെ കണ്ടെത്താൻ സാധിക്കും.
ഇതോടൊപ്പം യാത്രക്കാരുടെ ആധാർ നമ്പർ ടിക്കറ്റിൽ പ്രിന്റ് ചെയ്ത് നൽകുകയും ചെയ്യും. ആധാർ കാർഡുമായി എത്തുന്ന യാത്രക്കാർക്കു മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ അവകാശം ഉണ്ടായിരിക്കുകയുമുള്ളു. എൽപിജിയ്ക്കു പിന്നാലെ റയിൽവേ ടിക്കറ്റ് ബുക്കിങ്ങിനു കൂടി ആധാർ കാർഡ് തെളിവായി സ്വീകരിക്കുന്നതോടെ പൊതുമേഖലയിലെ മറ്റൊരു സ്ഥാപനം കൂടി ആധാറിനെ സ്വീകരിക്കുകയാണ്.