സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ 90 ശതമാനം സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കിയത് കേന്ദ്ര സർക്കാരാണ്. സുപ്രീം കോടതി പറഞ്ഞിട്ടു പോലും കേന്ദ്രം തങ്ങളുടെ നിലപാടിൽ നിന്നു ഇതുവരെയും പിന്നാക്കം പോയിട്ടില്ല. ഓഹരി വിപണികളിലും മ്യൂചൽ ഫണ്ട് ഇടപാടുകളിലും ഉടൻ ആധാർ നിർബന്ധമാക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. കള്ളപ്പണം തടയുന്നത് പോലുള്ള നിരവധി ലക്ഷ്യങ്ങളാണ് സർക്കാർ ആധാർ നിർബന്ധമാക്കുന്നതിന് കാരണമായി പറയുന്നത്.
ആധാർ വിവരങ്ങൾ നൽകാതെ നിങ്ങൾക്ക് ഇനി അസാധ്യമായി മാറുന്ന 10 കാര്യങ്ങൾ
1. ബാങ്ക് അക്കൗണ്ട്
നിലവിൽ പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നതിന് എല്ലാ ബാങ്കുകളിലും നിങ്ങളുടെ ആധാർ നമ്പർ നൽകേണ്ടി വരും. നേരത്തെ ഉള്ള അക്കൗണ്ട് ഉടമകൾ തങ്ങളുടെ ആധാർ വിവരങ്ങൾ ഉടൻ ബാങ്കുകളിൽ നൽകുകയും വേണം. 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകൾക്കും ആധാർ നിർബന്ധവുമാണ്.
2. ആദായ നികുതി റിട്ടേൺ
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഈ വർഷം മുതൽ ആധാർ നിർബന്ധമാക്കിയിരുന്നു. കേരള ഹൈക്കോടതി അവസാന നിമിഷം ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. വരും വർഷങ്ങളിൽ ആധാറില്ലാതെ ആദായ നികുതി റിട്ടേണുകൾക്ക് ആധാർ നിർബന്ധമാകുമെന്ന് തന്നെയാണ് സർക്കാർ നൽകുന്ന സൂചന.
3. പാൻ കാർഡ്
പുതിയ പാൻ കാർഡുകൾക്ക് അപേക്ഷ നൽകുമ്പോൾ ഇപ്പോൾ ആധാർ നമ്പർ നിർബന്ധമാണ്. ഇപ്പോൾ പാൻ കാർഡുള്ളവർ അവ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
4. ഇ.പി.എഫ്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ അംഗങ്ങളായിട്ടുള്ളവർ ആധാർ നമ്പറുമായി തങ്ങളുടെ അക്കൗണ്ട് ബന്ധിപ്പിക്കണം. ഇ.പി.എഫ് അക്കൗണ്ടുള്ളവർക്ക് ഓൺലൈൻ പോർട്ടൽ വഴി ആധാർ ബന്ധിപ്പിക്കാവുന്നതാണ്.
5. മൊബൈൽ കണക്ഷൻ
പുതിയ മൊബൈൽ കണക്ഷനുകൾക്ക് ആധാർ കാർഡിന്റെ പകർപ്പാണ് തിരിച്ചറിയൽ രേഖയായി ആവശ്യപ്പെടുന്നത്. ആധാർ നമ്പർ നൽകി, വിരലടയാളം പതിപ്പിച്ച് പുതിയ മൊബൈൽ കണക്ഷനുകൾ ഉടൻ തന്നെ ആക്ടിവേറ്റ് ചെയ്ത് നൽകുന്ന സംവിധാനവും മൊബൈൽ കമ്പനികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.
6. സ്‌കോളർഷിപ്പുകൾ
കേന്ദ്ര സർക്കാറിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആധാർ നിർബന്ധമാണ്. കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ സഹായത്തിനെല്ലാം ആധാർ വേണം.
7. പാസ്‌പോർട്ട്
വിദേശകാര്യ മന്ത്രാലയത്തിന്റെ പുതുക്കിയ ചട്ടങ്ങൾ പ്രകാരം, ആധാറിനെ പാസ്‌പോർട്ട് ലഭിക്കാൻ നിർബന്ധമായ രേഖയാക്കി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധാറില്ലാത്തവർക്ക് ഇനി പാസ്‌പോർട്ട് ലഭിക്കില്ല.
8. റെയിൽവെ ടിക്കറ്റ് ഇളവ്
റെയിൽവെയിൽ വിവിധ വിഭാഗങ്ങൾക്ക് നൽകി വരുന്ന യാത്രാ സൗജന്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ദുരുപയോഗം തടയാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്.
9. സ്‌കൂളുകളിലെ ഉച്ചഭക്ഷണം
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഉച്ച ഭക്ഷണം ലഭിക്കാൻ ആധാർ നിർബന്ധമാണിപ്പോൾ.
10. റേഷൻ
രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തെ ആധാറുമായ ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ അംഗങ്ങളുടെ ആധാർ നമ്പറുകൾ ബന്ധിപ്പിക്കപ്പെട്ട റേഷൻ കാർഡുകൾ ഇനി സബ്‌സിഡികൾക്ക് നിർബന്ധമാകും. കേന്ദ്ര സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികൾക്കും ആധാർ ഇപ്പോൾ നിർബന്ധമാണ്.