പാലക്കാട്: എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും സിപിഐഎമ്മുമെന്ന് പി വി അന്‍വർ. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പി പി ദിവ്യയുടെ ഭര്‍ത്താവ്, പി ശശിയുടെ ബിനാമിയാണെന്ന് പി വി അന്‍വര്‍ . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ബിനാമികളുടെ പേരിലുണ്ട്. അതിലൊരു ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ്.എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വ്യക്തമായതെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എഡിഎം സത്യസന്ധനായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. അമിതമായ പി ശശിയുടെ ഇടപെടല്‍ അദ്ദേഹം പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നവീന്‍ ബാബു സ്ഥലംമാറ്റം ചോദിച്ചത്. മാറിപോകുന്ന ഘട്ടത്തിലാണ് എഡിഎമ്മിന് പണികൊടുക്കണമെന്ന് പി ശശി ആലോചിക്കുന്നത്. കൈക്കൂലിക്കാരനെന്ന് വരുത്തി തീര്‍ക്കാനായാണ് ജില്ലാ സെക്രട്ടറിയെ ഉപയോഗിച്ചത്.
കൃത്യമായ അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്, എഡിഎം അഴിമതിക്കാരനെന്ന് പറഞ്ഞ് നേരത്തെ പരാതി ലഭിച്ചതായി കൃത്രിമ രേഖയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്. സര്‍ക്കാരിനും സിപിഐഎമ്മിനുമാണ് ഇതിന് ഉത്തരവാദിത്തം. സംഭവത്തില്‍ പൊലീസ് അന്വേഷണം എവിടെയും എത്തില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസ് അന്വോഷണത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. കൃത്യമായ നടപടിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നവെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. കൃത്യമായ നടപടിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സരിന്‍ വിഷയത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. സരിന്‍ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്ന് ഗോവിന്ദന്‍ പറഞ്ഞു. പുറത്ത് വന്നതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ല. നിലപാടാണ് വിഷയം. എല്‍ഡിഎഫിനെ അംഗീകരിക്കണം. സരിനുമായി ആരൊക്കെ ചര്‍ച്ച നടത്തി എന്ന് തനിക്ക് പറയാന്‍ പറ്റില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയമാകുമ്പോള്‍ പലരും സംസാരിക്കും. ആര് വേണമെങ്കിലും സ്ഥാനാര്‍ത്ഥി ആവാം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നാളെയോടെ പ്രഖ്യാപിക്കും. സരിന്റെ നിലപാട് അറിഞ്ഞിട്ട് വീണ്ടും കാണാമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.