കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി.
ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബര്‍ 6ന് പരിഗണിക്കും.അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകം എന്നാണോ പറയുന്നത്. അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല, കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക അറിയിച്ചു.
കേസില്‍ പ്രത്യേക അന്വേഷണ സംഘം എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. പ്രതി സജീവ സിപിഐഎം പ്രവര്‍ത്തകയാണെന്നും രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതി എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനെ തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സിബിഐ അന്വേഷണം അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്കിലും വേണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഹര്‍ജിയില്‍ പ്രാഥമിക വാദം മാത്രമാണ് ഇന്ന് ഹൈക്കോടതി കേട്ടത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് സംശയിക്കുന്നതായി ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.
ഹര്‍ജിയില്‍ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നല്‍കരുതെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയോട് അവശ്യപ്പെട്ടു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വിവിധ പദവികളും ചുമതലകളും വഹിക്കുന്ന ആളാണ്. കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച് തെളിവുകളാകുമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിച്ചുവെന്നാണ് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ്‍ഐടി അന്വേഷണം പേരിന് മാത്രമെന്നായിരുന്നു മഞ്ജുഷയുടെ വാദം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമാണെന്ന് മഞ്ജുഷ കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണമോ അല്ലെങ്കില്‍ ക്രൈബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
മഞ്ജുഷയുടെ ഹർജിയിലെ വിശദാംശങ്ങൾ
നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷ നൽകിയ ഹർജിയിൽ നവീൻ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയാതാണോയെന്ന് സംശയിക്കുന്നതായി കുടുംബം ചൂണ്ടികാട്ടിയിട്ടുണ്ട്. എ ഡി എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനഃപൂർവമാണ്.
മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എ ഡി എമ്മിന്‍റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്നതിൽ വിശദമായ അന്വേഷണം വേണം. കളക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്സിലേയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം.
ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എ ഡി എമ്മിന്‍റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സി സി ടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു.
മരണത്തിനുശേഷമുളള ഇൻക്വസ്റ്റ് അടക്കമുളള തുടർനടപടികളിലെ വീഴ്ചയും മനപൂർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്‍റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.