‘മന്ത്രിസഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക’; സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ നാട്ടിലെങ്ങും അടൂര്‍ പ്രകാശിനെതിരെ പോസ്റ്ററുകള്‍

പത്തനംതിട്ട: മന്ത്രി അടൂര്‍ പ്രകാശിനെതിരെ പത്തനംതിട്ടയിലെ കോന്നിയില്‍ വ്യാപക പ്രതിഷേധം. മന്ത്രിക്കെതിരായി നാട്ടിലെങ്ങും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വി എം സുധീരന്‍ പറഞ്ഞ ‘മന്ത്രിസഭയിലെ കൊള്ളക്കാരന്‍’ കോന്നി വിടുക, കെപിസിസി പ്രസിഡന്റിനു വേണ്ടാത്തയാളെ കോന്നിയില്‍ കെട്ടിയിറക്കണ്ട തുടങ്ങിയ മുദ്രാവാക്യങ്ങളാണു സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലുള്ള പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

റവന്യൂ വകുപ്പിന്റെ ഉത്തരവുകള്‍ വിവാദമാകുകയും ഇതിനെതിരെ പ്രതിഷേധം പുകയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടൂര്‍ പ്രകാശിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ അടൂര്‍ പ്രകാശിനെപ്പോലുള്ളവരെ ഒഴിവാക്കണമെന്നാണു പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ മൈലാപ്ര, പ്രമാടം, കോന്നി എന്നിവിടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. മെത്രാന്‍ കായല്‍, കരുണാ എസ്റ്റേറ്റ് വിവാദങ്ങളും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. നിലവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ട്. ഇതിനിടെ അടൂര്‍ പ്രകാശിനെതിരായ പോസ്റ്റര്‍ പ്രചാരണം കൂടിയായതോടെ പത്തനംതിട്ട ജില്ലയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകും.

നേരത്തെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അടൂര്‍ പ്രകാശ് അവകാശപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഭൂമി കൈമാറ്റവും മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവാദത്തിലകപ്പെട്ട മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു വിശദീകരണം.

കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ പിസിസി പ്രസിഡണ്ട് വി എം സുധീരന്‍ അടൂര്‍ പ്രകാശിനെ കടുത്ത ഭാഷയില്‍ത്തന്നെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണു വിഷയത്തില്‍ വിശദീകരണക്കുറിപ്പുമായി മന്ത്രി ഫേസ്ബുക്കില്‍ രംഗത്ത് എത്തിയത്. ഇതിനു പിന്നാലെയാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Top