‘ചാത്തന്‍ മരുന്നുകള്‍’ വ്യാപകം.ജീവന്‍രക്ഷാ മരുന്നുകളില്‍ 15 ശതമാനവും തീരെ നിലവാരമില്ലാത്തവ !..

തിരുവനന്തപുരം . സംസ്ഥാനത്തെ ഔഷധ വിപണിയില്‍ നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകം എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജീവന്‍രക്ഷാ മരുന്നുകളില്‍ പരിശോധനയ്ക്കെത്തുന്നവയില്‍ 15 ശതമാനവും തീരെ നിലവാരമില്ലാത്തവയാണ്.നിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയില്‍നിന്നു പിന്‍വലിക്കാന്‍ ഉത്തരവു ലഭിച്ചപ്പോഴേക്കും ഇവയെല്ലാം വിറ്റുകഴിഞ്ഞിരുന്നെന്നു ഡ്രഗ് കണ്‍ട്രോളര്‍മാരില്‍നിന്നു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.ഏഴായിരം ഇനങ്ങളിലായി 1,03,000 ബാച്ച് മരുന്നുകളാണു കേരളത്തിലെ വിപണിയില്‍ എത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നതിനു പുറമേ പൊതുവിപണിയില്‍ എത്തുന്ന മരുന്നുകളില്‍നിന്ന് ഒരു ഡ്രഗ് ഇന്‍സ്പെക്ടര്‍ ഒന്‍പതു സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കണമെന്നാണു ചട്ടം. തിരുവനന്തപുരം, കൊച്ചി ലാബുകളിലായി 4300 ബാച്ചുകള്‍ പരിശോധനയ്ക്ക് എത്തുന്നതില്‍ 3600 ബാച്ചുകള്‍ മാത്രമാണു പരിശോധിക്കപ്പെടുന്നത്. ഇതില്‍ 15 ശതമാനവും നിലവാര പരിശോധനയില്‍ പരാജയപ്പെടുന്നു.

ഒരു ബാച്ചില്‍ ശരാശരി രണ്ടുലക്ഷം ഗുളികകള്‍ ഉണ്ടാകുമെന്നു കണക്കാക്കിയാല്‍ 300 കോടി ചാത്തന്‍ മരുന്നുകള്‍ വീതമാണു മലയാളികള്‍ പ്രതിവര്‍ഷം കഴിച്ചുതീര്‍ക്കുന്നത്. മാത്രമല്ല, മൂന്നുവര്‍ഷം മുന്‍പു ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ ശേഖരിച്ച മരുന്നു സാംപിളുകള്‍ വരെ ഇനിയും പരിശോധിച്ചു തീര്‍ന്നിട്ടില്ലെന്നു രേഖകള്‍ സൂചിപ്പിക്കുന്നു. മരുന്നു കമ്പനികളുമായുള്ള ഒത്തുകളിയുടെ സൂചനയാണ് ഇതു നല്‍കുന്നത്. ഈ വര്‍ഷം ജൂലൈവരെ വിവിധ മരുന്നുകളുടെ 65 ബാച്ച് സാംപിളുകള്‍ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇവ വിപണിയില്‍നിന്നു പിന്‍വലിക്കാന്‍ നിര്‍ദേശം പോയെങ്കിലും ഒന്നുപോലും ബാക്കിയില്ലെന്ന മറുപടിയാണു കിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013ല്‍ നിര്‍മിച്ച ഒബെറ്റര്‍–10 മില്ലിഗ്രാം മരുന്നിന്റെ ബാച്ച് പരിശോധിച്ചു റിപ്പോര്‍ട്ട് വന്നതു കഴിഞ്ഞ മാര്‍ച്ചിലാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള ഈ മരുന്നിന് ഒരുനിലവാരവുമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പിന്‍വലിക്കാന്‍ നിര്‍ദേശം പോയെങ്കിലും അപ്പോഴേക്കും ആ ബാച്ചിലെ മരുന്നുകളെല്ലാം വിറ്റുതീര്‍ന്നിരുന്നതായാണു ഡ്രഗ് കണ്‍ട്രോളര്‍ക്കു ലഭിച്ച റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള രണ്ടു ലാബുകളിലാണു മരുന്നിന്റെ പരിശോധന നടക്കുന്നത്. കൊച്ചി ലാബില്‍ എറണാകുളം ജില്ലയില്‍നിന്നുള്ള മരുന്നുകള്‍ മാത്രമേ പരിശോധിക്കുന്നുള്ളൂ.

സംസ്ഥാനത്തെ മറ്റിടങ്ങളി‍ല്‍നിന്നു ശേഖരിക്കുന്ന സാംപിളുകളെല്ലാം തിരുവനന്തപുരത്തേക്കാണു കൊണ്ടുവരുന്നത്. 2013ല്‍ പരിശോധനയ്ക്കെത്തിച്ച ചില മരുന്നുകളുടെ ഫലം ഇതുവരെ തയാറാക്കിയിട്ടില്ല. കമ്പനിക്കാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളി നടക്കുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. സാംപിളുകള്‍ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വിവരം അപ്പോള്‍ത്തന്നെ കമ്പനിക്കാരെ അറിയിക്കും. അതോടെ കമ്പനികള്‍ ഇവയുടെ വില്‍പന വേഗത്തിലാക്കും. ബാക്കിയുള്ളവ പൂര്‍ണമായി പിന്‍വലിച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും. അതിനുശേഷമേ നിലവാര പരിശോധനാ റിപ്പോ‍ര്‍ട്ട് പുറത്തുവരികയുള്ളൂ.

Top