കൊച്ചി: ലക്ഷ്മിനായരെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ലോ അക്കാദമയില്‍ തുടരുന്ന പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പുര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എസ് എഫ് ഐ നേതാവിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
വെളിപ്പെടുത്തലുകളുമായി അഡ്വ കരകുളം ആദര്‍ശാണ് പുതിയ വെളിപ്പെടുത്തലിലൂടെ ലക്ഷ്മിനായരെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.ലോ അക്കാഡമി ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുമ്പ് പ്രിന്‍സിപ്പല്‍ കരിയര്‍ തകര്‍ത്തിട്ടും തോറ്റുകൊടുക്കാതെ ജീവിതത്തിലേക്ക് മടങ്ങിവന്ന പൂര്‍വ വിദ്യാര്‍ത്ഥി തന്റെ അനുഭവങ്ങള്‍ ഈ മാധ്യമവുമായി പങ്കുവയ്ക്കുകയാണ്. തിരുവനന്തപുരം കരകുളം ഷീലാഭവനില്‍ ബാഹുലേയന്‍ നായരുടെയും ഷീലാകുമാരിയുടെയും മകനായ ആദര്‍ശ് ഇപ്പോള്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ്.
2008 2013 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്. ചെറുപ്പത്തില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ രാഷ്ട്രീയ പാരമ്പര്യം ഈ എസ്എഫ്ഐ നേതാവിനുണ്ടായിരുന്നു. എസ്എഫ്ഐയുടെ ജില്ലയിലെ കോളജുകളുടെ ചുമതലയും ആദര്‍ശിനായിരുന്നു. 2012ല്‍ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. ആ കാലത്ത് പ്രമുഖ ചാനലിലെ കുക്കറി ഷോയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുമായിരുന്നു. അതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ ലക്ഷ്മി നായരുമായി അടുപ്പമുണ്ടായിരുന്ന ചില പെണ്‍കുട്ടികളെ രാത്രി എട്ടു മണിക്ക് ശേഷം കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനെ ആദര്‍ശിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ നേതാക്കള്‍ എതിര്‍ത്തു. പതിവായി കൊണ്ടുപോയിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ എഐഎസ്എഫ് പ്രവര്‍ത്തകയായിരുന്നു. അവരിന്ന് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. അടുത്തിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സമരത്തിന് നേതൃത്വം കൊടുത്തവരില്‍ അവരും ഉണ്ടെന്ന് ആദര്‍ശ് പറഞ്ഞു.
പെണ്‍കുട്ടികളെ രാത്രി ഏഴ് മണികഴിഞ്ഞാല്‍ പുറത്ത് കൊണ്ടുപോകാന്‍ പാടില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ‘ ആദര്‍ശ് ഇനി ഇവിടെ പഠിക്കുകയുമില്ല, എല്‍എല്‍ബി എടുക്കുകയുമില്ല’. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കെഎസ്യുവിന്റെ ജില്ലാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയെ ആദര്‍ശ് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി പ്രിന്‍സിപ്പലിന് കിട്ടി. തലസ്ഥാനത്തെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഉപയോഗിച്ച് ലക്ഷ്മിനായര്‍ 14 ദിവസം തുടര്‍ച്ചയായി ഈ വാര്‍ത്ത ഫോളോഅപ്പ് ചെയ്തു. ഇതെല്ലാം കണ്ട് സഹിക്കാനാകാതെ അമ്മ ഷീലാകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്ങനെ ഒരുപാട് ദുരിതങ്ങളാണ് ഈ ചെരുപ്പക്കാരന്‍ നേരിടേണ്ടി വന്നത്. പക്ഷെ, നാട്ടുകാരെല്ലാം തനിക്കൊപ്പം നിന്നെന്ന് ആദര്‍ശ് ഓര്‍മിച്ചു. പക്ഷെ, തന്നെ അറിയാത്ത പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു.
പരാതിക്ക് പിന്നില്‍ വേറൊരു കാര്യം കൂടിയുണ്ടെന്ന് ആദര്‍ശ് ഓര്‍മിച്ചു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായിരുന്നു അന്ന്. എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ആദര്‍ശ് നോമിനേഷന്‍ നല്‍കുന്ന വിവരം മറ്റ് ചില എസ്എഫ്ഐക്കാര്‍ പറഞ്ഞ് ലക്ഷ്മി നായര്‍ അറിഞ്ഞിരുന്നു. ആദര്‍ശ് ചെയര്‍മാനാകാതിരിക്കുക എന്നത് പ്രിന്‍സിപ്പലിന്റെ കൂടി ആവശ്യമായിരുന്നു. ആദര്‍ശിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്വദേശമായ ആലപ്പുഴയിലേക്ക് പ്രിന്‍സിപ്പല്‍ പറഞ്ഞയച്ചു. പരീക്ഷ എഴുതാന്‍ മാത്രം വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പത്രത്തില്‍ വാര്‍ത്തവന്നതും ആദര്‍ശിനെ കോളജില്‍ നിന്നും എസ്എഫ്ഐയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത് പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. കേസ് വഞ്ചിയൂര്‍ കോടതിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി തനിക്ക് പറ്റിയ ചതി മനസിലാക്കിയത്. ആദര്‍ശ് തന്നെ ഒന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിനോട് തൊഴുത് പറഞ്ഞു. ആലപ്പുഴയില്‍ അഭാഭാഷകയാണ് അവരിപ്പോള്‍.
ആദര്‍ശിനെതിരായ പരാതി പത്രങ്ങളില്‍ വാര്‍ത്തയായപ്പോള്‍ എസ്എഫ്ഐയുടെ ചുമതലയുണ്ടായിരുന്ന സിപിഎം നേതാവ് വികെ മധു അടക്കം തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന് സത്യങ്ങളെല്ലാം അറിയാമായിരുന്നു എന്നും ആദര്‍ശ് വിശ്വസിക്കുന്നു. എന്നാല്‍ കരകുളം ലോക്കല്‍ കമ്മിറ്റി ആദര്‍ശിനൊപ്പം നിന്നു. എസ്എഫ്ഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തപ്പോള്‍ ആദര്‍ശ് സംഘടന വിട്ടു. ഡിവൈഎഫ്ഐയില്‍ സജീവമായി തുടര്‍ന്നു. വിഎസ് പക്ഷക്കാരനാണെന്ന് ആരോപിച്ചാണ് പാര്‍ട്ടി ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തന്നെ സഹിയിക്കാതിരുന്നതെന്ന് ആദര്‍ശ് പറഞ്ഞു.