ക്രൈം ഡെസ്‌ക്
കോട്ടയം: മതംമാറി വിവാഹം കഴിച്ചതിന്റെ പേരിൽ അഭിഭാഷകനെയും ഭാര്യയെയും ഭാര്യമാതാവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ആക്രമിച്ചു. പരുക്കേറ്റ അഭിഭാഷകനും ഭാര്യയും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ, രണ്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തു.
കോട്ടയം ബാറിലെ അഭിഭാഷകനായ ചിറക്കടവ് പുലിപ്പാറ പി.ബി മജേഷ് (34), ഭാര്യ സുറുമി(23) എന്നിവരെയാണ് ക്വട്ടേഷൻ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചത്. ഒന്നര വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ആക്രമണം. ഇന്നലെ വൈകുന്നേര്‌ത്തോടെ നഗരത്തിൽ കലക്ടറേറ്റിനു മുന്നിലെ സൂപ്പർമാർക്കറ്റിനു സമീപത്തു വച്ചായിരുന്നു ആക്രമണം. കയ്ക്കു കത്തികൊണ്ടു കുത്തേറ്റ സുറിമിയും, തലയ്ക്കും മുഖത്തും പരുക്കേറ്റ മജേഷും, ഇവരുടെ ഒന്നര വയസുകാരൻ മകൻ ആദിത്യനും പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സുറിമിയുടെ മാതാവ് ജമീല(46), വെച്ചൂച്ചിറ സ്വദേശി ജസ്റ്റിൻ (24), ഓട്ടോ ഡ്രൈവർ അജീഷ് (30) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയറ്റിൽ ചവിട്ടേട്ടതായി മൊഴി നൽകിയതിനെ തുടർന്നു ജമീലയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചു മണിയോടെ കോടതിയിൽ നിന്നു പുറത്തേയ്ക്കു വന്നതായിരുന്നു മഞ്‌ജേഷും കുടുംബവും. സൂപ്പർമാർക്കറ്റിൽ നിന്നു കാറിൽ കയറി പോകാൻ പുറത്തേയ്ക്കു പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു. രണ്ടു വർഷം മുൻപും ഭാര്യാമാതാവിന്റെ നേതൃത്വത്തിലുള്ള സംഘം സമാന രീതിയിലുള്ള ആക്രമണം നടത്തിയിട്ടുണ്ടെന്നും മഞ്‌ജേഷ് മൊഴി നൽകി. കുടുംബവഴക്കാണ് ആക്രമണത്തിനു പിന്നിലെന്നും കേസ് എടുത്തതായും പൊലീസ അറിയിച്ചു.