തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചത്ത് തറക്കുന്ന ചോദ്യങ്ങളുമായി പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായി.
അഴിമതിക്കും ക്രിമിനല്‍ ബന്ധങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഐ.ജി ശ്രീജിത്തിനെ ക്രമസമാധാന ചുമതലയില്‍ നിയമിച്ച സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്ശിച്ചിട്ടുള്ളതായിരുന്നു ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.നിരവധി അന്വേഷണം നേരിടുന്ന ഹൈക്കോടതി ഡിവിഷന് ബഞ്ച് തന്നെ അധികാര ദുര്‍വിനിയോഗത്തിന് നടപടി ആവശ്യപ്പെട്ട ശ്രീജിത്തിനെ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എറണാകുളം റേഞ്ച് ഐ.ജി ആയി പോസ്റ്റ് ചെയ്തത് എന്തിന് വേണ്ടിയാണെന്നാണ് ഹരീഷിന്റെ ചോദ്യം.
പോലീസ് സേനയുടെ സത്യസന്ധതയ്ക്ക് നിരക്കാത്ത ആളാണെന്ന് എ.ഡി.ജി.പി തന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യവും അഴിമതിക്ക് സസ്പെന്‍ഷനിലായ വിവരവും കേന്ദ്ര വിജിലന്‍സ് കമ്മീഷനും ആഭ്യന്തര മന്ത്രാലയവും അന്വേഷണം ആവശ്യപ്പെട്ടതും ഫേസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് ചൂണ്ടിക്കാട്ടി.
സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെടുക്കുമ്പോള്‍ ഒരു സുപ്രധാന പോസ്റ്റിലും ഇരുത്തരുതെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ അടിച്ചിറക്കിയ ഒരേയൊരു പൊലീസ് ഉദ്യോഗസ്ഥനേ കേരളത്തിലുള്ളു അത് ഐ.ജി ശ്രീജിത്താണെന്നും അദ്ദേഹം തുറന്നടിച്ചു.
ശ്രീജിത്തിനെപ്പോലെ അങ്ങേയറ്റം കളങ്കിതനായ ഒരാളെ സുപ്രധാന പോസ്റ്റില്‍ നിയമിക്കുകവഴി പൊലീസ് സേനയ്ക്ക് പിണറായി വിജയന് നല്കുന്ന സന്ദേശമെന്താണെന്ന് ചോദിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ ‘നല്ല ബിരിയാണി ഉണ്ടാക്കിയിട്ട് അത് നശിപ്പിക്കാന്‍ ഒരുതുള്ളി മലം മതിയല്ലോ’ എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് വിമര്‍ശനം അവസാനിപ്പിക്കുന്നത്.
ഹരീഷിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ മാത്രമല്ല വാട്സ്ആപ്പിലും വൈറലായതോടെ പ്രതിരോധിക്കാന്‍ ചില ഫെയ്ക്ക് ഐ.ഡികളില്‍ നിന്നടക്കം ചില കമന്റുകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. ഈ കമന്റുകള്‍ക്ക് പിന്നില്‍ ഐ.ജി തന്നെയാണോ എന്ന മറു ചോദ്യവും ശക്തമാണ്.ഇടതുപക്ഷ അണികളടക്കം ഫോളോവേഴ്സുള്ള ഹരീഷ് വാസുദേവനെ പോലെയുള്ള സംസ്ഥാനത്തെ പ്രമുഖ യുവ സാംസ്കാരിക പ്രവര്‍ത്തകന്റെ പ്രതികരണത്തെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും ആവശ്യമായ പരിശോധനകള്‍ നടത്തുമെന്നുമാണ് സി.പി.എം. നേതൃത്വത്തിന്റെ വിശദീകരണം.
ശ്രീജിത്തിനെതിരായ കേസുകളും അന്വേഷണവും കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചത് പോലുള്ള ഒരു നടപടിയും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.എന്തായാലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും മാത്രമല്ല പൊതു സമൂഹത്തിനിടയിലും ചൂടുള്ള ചര്‍ച്ചയ്ക്ക് വിവാദ പോസ്റ്റ് വഴിമരുന്നിട്ടിരിക്കുകയാണ്.