
സ്വന്തം ലേഖകൻ
കൊച്ചി: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിലും വച്ച് അഭിഭാഷകരും മാധ്യമപ്രവർത്തകരും ഏറ്റുമുട്ടിയ സംഭവത്തിൽ മാധ്യമപ്രവർത്തകർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പ്രമുഖ അഭിഭാഷകരെ സസ്‌പെൻഡ് ചെയ്യാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനിച്ചു.
ചന്ദ്രബോസ് വധമടക്കമുള്ള പ്രമുഖ കേസുകൾ വാദിച്ച സിപി ഉദയഭാനു, നിയവിദഗ്ദ്ധനും സാമൂഹികപ്രവർത്തകരുമായ ശിവൻ മഠത്തിൽ, കാളീശ്വരം രാജ്, മുൻഎംപിയും മാധ്യമനിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ, മാധ്യമനിരീക്ഷൻ എ.ജയശങ്കർ എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് അഭിഭാഷകരുടെ സംഘടനയായ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.
ഹൈക്കോടതി,വഞ്ചിയൂർ കോടതി സംഘർഷങ്ങളെക്കുറിച്ച് മാധ്യമചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ച ഇവർ അഭിഭാഷകരുടെ അക്രമപ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിൽ ചേർന്ന സംഘടനയുടെ അടിയന്തര ജനറൽ ബോഡിയിൽ കടുത്ത വിമർശനമാണ് ഇതേത്തുടർന്ന് മുതിർന്ന അഭിഭാഷകർക്ക് നേരെ അംഗങ്ങൾ നടത്തിയത്. അഭിഭാഷക സമൂഹത്തെ ഇവർ വഞ്ചിക്കുകയും പൊതുസമൂഹത്തിന് മുന്നിൽ സംഘടനയെ അപമാനിക്കുകയും ചെയ്തു എന്നായിരുന്നു അംഗങ്ങളുടെ കുറ്റപ്പെടുത്തൽ. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് മുതിർന്ന അഭിഭാഷകരെ സസ്‌പെൻഡ് ചെയ്യാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനിച്ചത്. നോട്ടീസിന് ഇവർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ സംഘടനയിൽ നിന്നു പുറത്താക്കാനാണ് നിലവിലെ ധാരണ.
അതേസമയം തുടർച്ചയായി രണ്ടാം ദിവസവും അഭിഭാഷകർ ഹൈക്കോടതി ബഹിഷ്‌കരിച്ചതോടെ സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.