കൊച്ചി: പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന പേരില്‍ പോലീസ് മനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് അഭിഭാഷക രംഗത്ത്. സുനിയുടെ പേരില്‍ പൊലീസ് നിരന്തരം തന്നെ വേട്ടയാടുകയാണെന്നും തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായും ചൂണ്ടിക്കാട്ടി എറണാകുളത്തെ അഭിഭാഷക ലീമ റോസ് ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയ്ക്കു പരാതി നല്‍കി. താന്‍ എവിടെ പോയാലും പൊലീസ് തന്നെ പിന്തുടരുകയാണെന്നും താനുമായി ബന്ധപ്പെട്ടവരെ പിടിച്ചു കൊണ്ടു പോയി നിയമവിരുദ്ധമായി ചോദ്യം ചെയ്യുകയാണെന്നും അഡ്വ: ലീമ ആരോപിക്കുന്നു.
ഒരു അഭിഭാഷകയുമായി പള്‍സര്‍ സുനിയ്ക്ക് ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പള്‍സറിന്റെ കീഴടങ്ങലിനും മുന്നോട്ടുള്ള നീക്കങ്ങള്‍ക്കും ഇവര്‍ക്കു പങ്കുള്ളതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയുമായി ബന്ധമുള്ള വക്കീല്‍ താനല്ലെന്ന് അവര്‍ പറഞ്ഞു.
സീനിയര്‍ അഭിഭാഷകനുമായി പള്‍സര്‍ സുനിയുടെ കേസ് സംബന്ധിച്ച് താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാകാം പൊലീസ് തന്നെ പിന്തുടരാന്‍ തുടങ്ങിയത്. പൊലീസ് എല്ലായ്പ്പോഴും തന്റെ പുറകിലുണ്ട്. കഴിഞ്ഞ 22-ാം തിയതി ബുധനാഴ്ച കേസുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ നെടുമങ്ങാട് എന്ന അഭിഭാഷകനെ കാണുവാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.
ട്രെയിനില്‍ മഫ്ടിയില്‍ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് തങ്ങിയ കുടുംബ സുഹൃത്തിന്റെ വീട്ടിലും പൊലീസെത്തി. അവിടെ താന്‍ അനുജന്‍മാരെ പോലെ സ്‌നേഹിക്കുന്ന രണ്ടു കുട്ടികളെ പൊലീസ് പിടിച്ചു കൊണ്ടു പോയി ചോദ്യം ചെയ്തു. ലീമയ്ക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടൊയെന്നാണ് അവര്‍ക്കു അറിയേണ്ടിയിരുന്നത്. പള്‍സര്‍ എവിടെയാണെന്നും അവര്‍ ആ കുട്ടികളോട് ചോദിക്കുകയും മാനസിക ആഘാതം ഏല്‍പ്പിക്കുകയും ചെയ്തു. താന്‍ സന്ദര്‍ശിക്കാനിരുന്ന വക്കീലിന്റെ ഓഫീസിലെത്തിയും ഇപ്രകാരം ചോദ്യം ചെയ്തു.
എന്തിനാണ് കേരള പൊലീസ് എനിക്കു ചുറ്റം പറക്കുന്നത്. വക്കീലിനെ പിന്തുടര്‍ന്ന് പ്രതികളെ കണ്ടു പിടിക്കുന്നതാണ് പൊലീസിന്റെ രീതിയെങ്കില്‍ എന്തിനാണ് ഇത്രയും ഫോഴ്സ്. വക്കീലുമാരുടെ ഫോണ്‍ ചോര്‍ത്തിയാല്‍ കേസ് എല്ലാം തന്നെ തെളിയുമല്ലോ. ഭൂമാഫിയയുമായി ബന്ധപ്പെട്ട കേസില്‍ ഞാന്‍ വാദിക്കുന്നുണ്ട്. പ്രതികളെ പിടികൂടാന്‍ പൊലീസിനു ഇതു വരെ കഴിഞ്ഞതുമില്ല. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടായിരുന്നു. ഈ കേസിലും പൊലീസ് സമാന രീതിയാണ് അവംലബിക്കുന്നത്.
previlage to communication പ്രതികളുമായി സംസാരിക്കുന്ന കാര്യങ്ങള്‍ വക്കീല്‍ പുറത്തു പറയേണ്ട സാഹചര്യമില്ല. വക്കീലുമാരെ നിരീക്ഷിച്ചും മാനസികമായി കുടുംബാംഗങ്ങളെ പീഡിപ്പിച്ചുമല്ല പൊലീസ് കേസ് തെളിയ്ക്കേണ്ടത്.
ഞങ്ങളുടെ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്യത്തിനു മേല്‍ കടന്നു കയറുന്നത് അംഗീകരിക്കാനാകില്ല. ഇങ്ങനെയാണ് പൊലീസിന്റെ പെരുമാറ്റമെങ്കില്‍ എങ്ങനെയാണ് സ്വാതന്ത്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുക.
ഓപ്പറേഷന്‍ അഡ്വക്കേറ്റ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് പള്‍സര്‍ സുനിയെ പൊക്കിയത്. പ്രതിയുടെ നീക്കം പൊലീസ് മണത്തറിഞ്ഞത് എറണാകുളത്തെ അഭിഭാഷകന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചായിരുന്നു. അഭിഭാഷകരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയും അഭിഭാഷകരുടെ നീക്കങ്ങള്‍ മണത്തറിഞ്ഞും പ്രതികളെ പിടികൂടുന്ന രീതി തങ്ങളുടെ തൊഴില്‍ സ്വാതന്ത്ര്യത്തിനു നേരേയുള്ള കയ്യേറ്റമാണെന്ന് അഭിഭാഷകര്‍ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. കോടതി മുറിക്കുള്ളില്‍ കടന്നു കീഴടങ്ങാനെത്തിയ പ്രതിയെ പിടികൂടിയ പൊലീസ് രീതിയില്‍ അഭിഭാഷകര്‍ ഒന്നടക്കം പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പള്‍സറിനു നിയമസഹായം നല്‍കാന്‍ മുന്‍കൈയെടുത്ത അഭിഭാഷകരെ മുഴുവന്‍ നിരീക്ഷണ വിധേയമാക്കിയായിരുന്നു പൊലീസ് പള്‍സറീനെ കീഴടക്കിയത്. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് പള്‍സര്‍ കീഴടങ്ങാന്‍ നീക്കം നടത്തിയിരുന്നു. ഇതിനായി അഭിഭാഷകന്‍ തിരുവന്തപുരത്ത് എത്തുമെന്ന് അറിയിപ്പു കിട്ടിയ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍ സുനിയ്ക്ക് അവിടെ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാതെ വന്നപ്പോള്‍ തീരുമാനം മാറ്റുകയും അഭിഭാഷകന്‍ തിരിച്ചു വരികയുമാണ് ഉണ്ടായതെന്നും പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ ഇത്തരം സമീപനങ്ങള്‍ വച്ചു പൊറുപ്പിക്കാനാകില്ലെന്ന നിലപാടിലാണ് അഭിഭാഷകര്‍.