കൊച്ചി : എ.കെ.ഗോപാലനെതിരെ ഫെയിസ് ബുക്ക് പരാമർശം നടത്തി വിവാദത്തിൽപ്പെട്ട വി.ടി.ബൽറാം എംഎൽഎ വി.ടി ബല്‍റാമിനെ പിന്തുണച്ചതിന്റെ പേരില്‍ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് സൈബർ ആക്രമണത്തിൽ പൂട്ടിച്ചിരുന്നു .ഈ വിഷയത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത് .മഹാനായ എ.കെ.ജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം’ എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്.
പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരമറിയും. ബല്‍റാമിനേക്കാള്‍ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം- എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.‘ബല്‍റാമിനെതിരെ കേസെടുത്തോളൂ, അതിരുകടന്ന രോഷപ്രകടനങ്ങളെ നിരുപാധികം അപലപിക്കണം’ എന്നാണ് സിവിക് ചന്ദ്രന്റെ സാരോപദേശം. ഇങ്ങനെയാണോ ഒരു സാഹിത്യകാരന്‍ പ്രതികരിക്കേണ്ടത്? അല്ല, ഒരിക്കലുമല്ല എന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.വി.ടി ബല്‍റാമിനെ മാത്രമല്ല, ടിയാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന ഒറ്റയൊരുത്തനെയും വെറുതെ വിടില്ലെന്നും കേരളം സ്തംഭിപ്പിക്കണമെന്നും ജയശങ്കര്‍ പോസ്റ്റില്‍ പറയുന്നു.
ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വിമര്‍ശനമുയരുമ്പോഴായിരുന്നു സിവിക് ബല്‍റാമിനെ പിന്തുണച്ച് രംഗത്തെത്തിയത്. സി.പി.ഐ.എമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാവാം ബല്‍റാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശം നടത്തിയതെന്ന് സിവിക് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.‘ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് -ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പോഴും നോട്ടം കുതികാലില്‍. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബലറാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയത്.’ സിവിക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വേണ്ടത്ര ആലോചിക്കാതെ സോഷ്യല്‍ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച് ഉത്തരവാദിത്തമില്ലാതെ നടത്തിയ പ്രതികരണമാണ് വിവാദമായതെന്നും പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ലെന്നും സിവിക് ചന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.പോസ്റ്റിട്ടപ്പോള്‍ മുതല്‍ തന്നെ കമന്റ് ബോക്സിലും ഇന്‍ബോക്സിലും നിരവധിപ്പേര്‍ തെറിവിളികളുമായെത്തിയിരുന്നെന്നും ഇതിന് പിന്നാലെയായിരുന്നു അക്കൗണ്ട് പൂട്ടിച്ചതെന്നും സിവിക് ചന്ദ്രന്‍ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും, കേരളമാകെ സ്തംഭിപ്പിക്കും.
വിടി ബല്‍റാമിനെ മാത്രമല്ല, ടിയാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന ഒറ്റയൊരുത്തനെയും വെറുതെ വിടില്ല.
‘ബല്‍റാമിനെതിരെ കേസെടുത്തോളൂ, അതിരുകടന്ന രോഷപ്രകടനങ്ങളെ നിരുപാധികം അപലപിക്കണം’ എന്നാണ് സിവിക് ചന്ദ്രന്റെ സാരോപദേശം. ഇങ്ങനെയാണോ ഒരു സാഹിത്യകാരന്‍/ സാമൂഹിക പ്രവര്‍ത്തകന്‍ പ്രതികരിക്കേണ്ടത്? അല്ല, അല്ല, ഒരിക്കലുമല്ല.
‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം’ എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്.
പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്ബുക്ക് എക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരമറിയും. ബല്‍റാമിനേക്കാള്‍ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം…