കൊച്ചി: തര്‍ക്കം പരിഹരിക്കാന്‍ വ്യാഴാഴ്ച ചേരാനിരിക്കുന്ന അഭിഭാഷക-മാധ്യമ ചര്‍ച്ച നിര്‍ണായകം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇപ്പോഴും അബിഭാഷകര്‍ പറയുന്നത്. മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.
അഡ്വ.ജനറലിന്റെ നേതൃത്വത്തില്‍ യോഗം ചേരാനിരിക്കെ ഇന്നു ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകണമെന്നും മറ്റുമുള്ള കര്‍ശന ഉപാധികള്‍ നാളത്തെ യോഗത്തില്‍ മുന്നോട്ടുവയ്ക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയത്. മാദ്ധ്യമ സ്ഥാപനങ്ങളുടെ മാനേജ്മെന്റിനെ കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാലേ പ്രശ്നപരിഹാരത്തിനായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് അസോസിയേഷന്റെ തീരുമാനം. ഇത്തരത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മാത്രമേ തല്‍സ്ഥിതി മാറേണ്ടതുണ്ടോയെന്ന കാര്യം അഭിഭാഷകര്‍ പരിഗണിക്കുകപോലും ചെയ്യുകയുള്ളൂ.
മാദ്ധ്യമപ്രവര്‍ത്തകരെ നിലയ്ക്കുനിറുത്തുമെന്ന ഉറപ്പ് മാനേജ്മെന്റുകളില്‍ നിന്ന് വാങ്ങേണ്ടതുണ്ടെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മുതലാളിമാര്‍ പറയുന്നതിന് അപ്പുറത്തേക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ നീങ്ങില്ലെന്ന് അഭിഭാഷകര്‍ കണക്കുകൂട്ടുന്നു. മാത്രമല്ല, ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ നാവ് പൊങ്ങില്ലെന്നും കണക്കുകൂട്ടിയാണ് തന്ത്രപരമായ ഇത്തരമൊരു നീക്കം. മാനേജ്മെന്റ് പ്രതിനിധികളോ കഴിയുമെങ്കില്‍ ചീഫ് എഡിറ്ററെ തന്നെയോ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെടും.
രണ്ടാമതായി, പ്രശ്നക്കാരായി അസോസിയേഷന്‍ കണക്കാക്കുന്ന അഞ്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയും ആവശ്യപ്പെടും. ഒന്നുകില്‍ നിയമനടപടി ഇവര്‍ക്കെതിരെ ഉണ്ടാകണമെന്നും അല്ലെങ്കില്‍ മാനേജ്മെന്റുകള്‍ നടപടിയെടുക്കണമെന്നുമായിരിക്കും ആവശ്യമുന്നയിക്കുക. ഇതിനായി അഞ്ചുപേരുടെ പേരും അഡ്രസും യോഗത്തില്‍ വെളിപ്പെടുത്തി. കോടതിക്കുമുന്നില്‍ സമരം നടത്തിയതും അഭിഭാഷകരെ ആക്രമിച്ചതുമെല്ലാം തെറ്റായെന്ന് എഴുതി മാദ്ധ്യമങ്ങളില്‍ മാപ്പെഴുതി പ്രസിദ്ധീകരിക്കണമെന്നതാണ് മറ്റൊരു ആവശ്യം.
അതേസമയം ഇത്തരം ആവശ്യങ്ങളില്‍ ഒന്നുപോലും നടക്കാന്‍ സാധ്യതയില്ലെന്നിരിക്കെ നാളെ അഡ്വ. ജനറലിന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ചര്‍ച്ച വിഫലമാകാനാണ് സാധ്യത. മാനേജ്മെന്റ് പ്രതിനിധികള്‍ക്കുപകരം പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളേ ചര്‍ച്ചയ്ക്കെത്തൂ എന്നിരിക്കെ തുടക്കത്തില്‍ത്തന്നെ ചര്‍ച്ച വഴിമാറിയപ്പോയേക്കും. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നതും തെറ്റുസംഭവിച്ചതായി മാപ്പെഴുതി പ്രസിദ്ധീകരിക്കണമെന്നതും മാദ്ധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്നും ഉറപ്പാണ്.
ഇത്തരത്തില്‍ നടക്കാത്ത ആവശ്യങ്ങളുമായി അഭിഭാഷകരും കോടതിറിപ്പോര്‍ട്ടിംഗിന് മീഡിയാറൂം തുറന്നുകൊടുക്കുന്നത് ഉള്‍പ്പെടെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരും കടുംപിടിത്തത്തില്‍ തുടരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ മഞ്ഞുരുകാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. ഇരുകൂട്ടരും തമ്മില്‍ത്തല്ലിയ വിഷയത്തില്‍ പരസ്പരമുള്ള കേസുകള്‍ ഒഴിവാക്കാനും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാനും മാത്രമേ സാധ്യതയുള്ളൂ എന്നാണ് സൂചനകള്‍.
ജൂലൈ 19നായിരുന്നു ഹൈക്കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഗവ. പല്‍ഡറെ സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കിടയില്‍ ചേരിതിരിവ് എന്ന രൂപത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം കയ്യാങ്കളിയിലെത്തിയതോടെ ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടുകയും കോടതി റിപ്പോര്‍ട്ടിങ് നിലയ്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും ഇതേച്ചൊല്ലി സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തെരുവിലേക്ക് നീണ്ടതോടെ ഇരുവിഭാഗത്തും നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഇതിനു പിന്നാലെ കൊല്ലം സെഷന്‍സ് കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് ഒരു വിഭാഗം അഭിഭാഷകര്‍ തടയുകയും ചെയ്തു. ഇതിനു തുടര്‍ച്ചയായി കോഴിക്കോട് ഏഷ്യാനെറ്റിന്റെ വാഹനം കോടതി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പൊലീസ് ഇടപെടലുണ്ടായതും വിവാദമായി. മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് തടങ്കലില്‍ വച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന ടൗണ്‍ എസ്ഐ വിമോദിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാകരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ട് ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാ ജില്ലകളിലും അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും പൊലീസുദ്യോഗസ്ഥരുമടങ്ങിയ സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ച നടത്തുന്നത്. ഹൈക്കോടതിയിലെ അടച്ചിട്ട മീഡിയാ റും തുറക്കുന്നതിനും കോടതി റിപ്പോര്‍ട്ടിങ് പഴയപടിയാക്കുന്നതിന് അവസരമൊരുക്കുന്നതിനും നടപടി സ്വീകരിക്കലാണ് യോഗത്തിലെ പ്രധാന അജണ്ട. ഇരുവിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ നാളത്തെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകാനിടയില്ലെന്നാണ് സൂചനകള്‍.