ശ്രീനഗര്‍:പാര്‍ലമെന്റ ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗലീബ് ഗുരുവിന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ 95 ശതമാനം മാര്‍ക്കാണ് ഗാലിബ് ഗുരു നേടിയത്. ആകെയുള്ള അഞ്ചു വിഷയങ്ങളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡും നേടിയാണ് ഗാലിബിന്റെ നേട്ടം. പുല്‍വാമാ ജില്ലയിലെ അവന്തിപുരയിലെ സ്‌കൂളിലാണ് ഗാലിബ് പഠിക്കുന്നത്. കഷ്ടപ്പാടുകള്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കിയ ഗലീബാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
എന്നാല്‍ ഗാലിബിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ ഗലീബിന്റെ വീജയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. മകനോടൊപ്പം സമാധാനമുള്ള ഒരു സാധാരണ ജീവിതം നയിക്കണം. രാഷ്ട്രീയപരമായി തങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല എന്നാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി ഒരുവര്‍ഷത്തിനു ശേഷം ഭാര്യ തബസും ഗുരു പറഞ്ഞത്. 2013ല്‍ കാശ്മീരി മോണിറ്ററിനു നല്‍കിയ അഭിമുഖത്തില്‍ ഡോക്ടറാവാനാണ് തനിക്ക് ഇഷ്ടമെന്ന് ഗലീബ് പറഞ്ഞിരുന്നു.
ഡോക്ടറാവാനാണ് തനിക്ക് ഇഷ്ടമെന്ന് പാപ്പായ്ക്ക് അറിയാം. അതിനു വേണ്ടി പരിശ്രമിക്കണമെന്ന് ജയിലില്‍ കാണാന്‍ ചെല്ലുമ്പോഴും പറയാറുണ്ടായിരുന്നു. ആഗസ്റ്റില്‍ പാപ്പായെ കാണാന്‍ ചെന്നപ്പോള്‍ ഖുറാന്റെ ഒരു പ്രതിയും ഒരു ശാസ്ത്രപുസ്തകവും സമ്മാനമായി തന്നു. അതിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും ഗലീബ് അന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9ന് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയിരുന്നു.