രാജ്യത്തെ ടെലികോം മേഖലയിലെ മല്‍സരം ശക്തമായി തന്നെ തുടരുകയാണ്. ജിയോയുടെ സമ്മര്‍ സർപ്രൈസ് ഓഫര്‍ നിര്‍ത്തലാക്കാനും അംഗത്വമെടുക്കുന്ന കാലാവധി അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു ട്രായ് രംഗത്തു വന്നിരുന്നു. മറ്റു കമ്പനികളുടെ ശക്തായ പ്രതിഷേധത്തെ തുടര്‍ന്നാണ് ജിയോയ്‌ക്കെതിരെ ട്രായ് രംഗത്തു വന്നത്. ഇതോടെ മത്സരം മറ്റൊരു വഴിക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുന്നു.ജിയോയുടെ സമ്മർ സർപ്രൈസ് ഓഫർ ഇപ്പോൾ തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.എന്നാല്‍ അംഗത്വ കാലാവധിയിലെ ഫ്രീ ഡേറ്റാ സേവനം ഇപ്പോഴും ലഭിക്കുന്നുണ്ട്.
അതേസമയം, മറ്റു ടെലികോം കമ്പനികളെ മറികടക്കാന്‍ വന്‍ ഓഫറുകളുമായി ജിയോ വരുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കി നിയമപരമായി തന്നെ വിപണി പിടിക്കാനുള്ള സൂത്രങ്ങളാണ് ജിയോ ഇപ്പോള്‍ ആലോചിക്കുന്നത്.
വരിക്കാരെ പിടിച്ചുനിര്‍ത്തുന്ന പുതിയ താരീഫ് പട്ടിക ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നത്. സൗജന്യം നിര്‍ത്തി കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനായാല്‍ നിയമപരമായി മറ്റു കമ്പനികള്‍ക്ക് ജിയോയ്‌ക്കെതിരെ പരാതി നല്‍കാനാവില്ല. ഇതിലൂടെ വരിക്കാരെ നിലനിര്‍ത്താന്‍ ജിയോയ്ക്ക് സാധിക്കുകയും ചെയ്യും.