തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിലെ എ.ജിയുടെ നിലപാട് വിവാദത്തിലേക്ക്. കേസ് അഡ്വ.സോഹനെ ഏല്‍പ്പിച്ച എ.ജിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. എ.ജിക്ക് സ്‌റ്റേറ്റ് അറ്റോര്‍ണിക്ക് മേല്‍ ഭരണപരമായ നിയന്ത്രണങ്ങളില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമഭേദഗതി പ്രകാരം സ്റ്റേറ്റ് അറ്റോര്‍ണി സ്വതന്ത്രസംവിധാനമാണ്.
കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നും കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.ജി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും. കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എ.ജിയുടെ വിവേചനാധികാരമാണ്. സംസ്ഥാനതാല്‍പര്യം സംരക്ഷിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും എ.ജി വ്യക്തമാക്കി.
തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എ.ജിക്ക് റവന്യൂമന്ത്രി കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് എ.ജി നല്‍കിയത്. പൊതുതാല്‍പ്പര്യമുള്ള കേസാണിത്. അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്നായിരുന്നു മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സാധാരണ റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണെന്ന് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടി. പതിവ് രീതി മാറ്റേണ്ടെന്നാണ് പിഐയുടെ നിലപാട്.
അതേസമയം എജി സുധാകരപ്രസാദിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉന്നയിച്ചത്. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്ത കത്തിന് എ.ജി. മറുപടി നല്‍കിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ടു സ്വത്തല്ല എന്ന് എ.ജി വെള്ളിയാഴ്ച കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മന്ത്രിയുടെ കത്തിനുള്ള മറുപടി വാര്‍ത്താ സമ്മേളനത്തിലല്ല പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. കത്തിന് മറുപടി നല്‍കാത്ത എ.ജിയുടെ നിലപാട് ശരിയാണോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. എ.ജിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കോടതിയില്‍ എന്ത് നിലപാടെടുക്കണം എന്നത് എ.ജിയുടെ അധികാരമായിരിക്കാം. എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട്, വകുപ്പാണ് തീരുമാനിക്കുന്നത്. റവന്യൂ വകുപ്പിന്റെ അധിപന്‍ താനാണ്. അഡീഷണല്‍ എ.ജി രഞ്ജിത്ത് തമ്പാന്‍ തന്നെ കേസ് വാദിക്കണമെന്ന നിലപാടാണ് ഇപ്പോഴുമുള്ളതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.